കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി; ഇഡി. അസി. ഡയറക്ടറെ സിബി ഐ അറസ്റ്റ് ചെയ്തു

Update: 2024-08-08 12:01 GMT
കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി;  ഇഡി. അസി. ഡയറക്ടറെ സിബി ഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഇഡി ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് സിങ് യാദവ് എന്നയാളെയാണ് ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തത്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജ്വല്ലറി ഉടമയോട് 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. ഡല്‍ഹി ലജ്പത് നഗര്‍ മാര്‍ക്കറ്റില്‍ സിബി ഐ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നേരത്തേ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസില്‍(സിബിഡിടി) പ്രവര്‍ത്തിച്ചിരുന്ന യാദവ് കഴിഞ്ഞ വര്‍ഷം മെയിലാണ് ഇഡിയില്‍ അസിസ്റ്റന്റ് ഡയറക്ടറായി നിയമിതനായത്.

    ഇഡിയുടെ മധുര സബ് സോണല്‍ ഓഫിസിലെ ഒരു ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് എട്ട് മാസം മുമ്പ് കൈക്കൂലിക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. കൈക്കൂലി തുകയായ 51 ലക്ഷം രൂപയില്‍ 20 ലക്ഷം രൂപ കൈപ്പറ്റിയെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മറ്റൊരു ഇഡി ഓഫിസറായ അങ്കിത് തിവാരിക്കെതിരേ തമിഴ്‌നാട് ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍(ഡിവിഎസി) കേസെടുത്തിരുന്നു. തമിഴ്‌നാട് വിജിലന്‍സിന്റെ കേസിന്റെ അടിസ്ഥാനത്തില്‍ ഇഡി ഇയാള്‍ക്കെതിരേ പരാതി നല്‍കിയിരുന്നു. 2023 നവംബറില്‍ രാജസ്ഥാനിലെ അഴിമതി വിരുദ്ധ ബ്യൂറോ(എസിബി)യുടെ പരാതിയില്‍ ഇഡി ഓഫിസറായ നവല്‍ കിഷോര്‍ മീണയുടെ സഹായിയെയും കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. മണിപ്പൂരിലെ ചിട്ടിഫണ്ട് കേസില്‍ ഒരു വ്യവസായിക്കെതിരായ പരാതി അന്വേഷിക്കുന്ന കിഷോര്‍ മീണ, അറസ്റ്റുചെയ്യുകയോ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയോ ചെയ്യാതിരിക്കാന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടെന്നായിരുന്നു കേസ്.

Tags:    

Similar News