വാളയാറിലെ സഹോദരിമാര്‍ നേരിട്ടത് നീചമായ പീഡനമെന്ന് സിബിഐ കുറ്റപത്രം
ധൃതി പിടിച്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതില്‍ ദുരൂഹതയെന്ന് കുട്ടികളുടെ അമ്മ ആരോപിച്ചു.
പാലക്കാട്: വാളയാറിലെ സഹോദരിമാര്‍ നേരിട്ടത് നീചമായ പീഡനമെന്ന് സിബിഐ കുറ്റപത്രം. സിബിഐ തിരുവനന്തപുരം യൂനിറ്റ് സ്‌പെഷല്‍ ക്രൈം സെല്‍ ഡിവൈഎസ്പി ടി പി അനന്തകൃഷ്ണന്‍ പാലക്കാട് പോക്‌സോ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലാണ് പരാമര്‍ശം.
വാളയാറിലെ കുട്ടികളുടെ അനുഭവം അന്വേഷണത്തിനിടെ ഏറെ വേദനിപ്പിച്ചു. സംരക്ഷിക്കേണ്ടവരില്‍ നിന്നുള്‍പ്പെടെ ഇവര്‍ നീചമായ പീഡനം നേരിട്ടു. അതിന്റെ കഠിനവേദന സഹിക്കാന്‍ കഴിയാതെ അവര്‍ ജീവനൊടുക്കിയതാണെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
പ്രതികളായ വലിയ മധുവും ചെറിയ മധുവും ഇരകളുടെ അടുത്ത ബന്ധുക്കളാണ്. ഇത്തരത്തില്‍ കുട്ടികളെ സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ളവരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കുട്ടികള്‍ക്കെതിരേ ലൈംഗികവും അല്ലാത്തതുമായ ക്രൂര പീഡനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് മനഃസാക്ഷിയെ നടുക്കുന്നതാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
കോടതി കുറ്റപത്രം പരിശോധിച്ച ശേഷം പ്രതികള്‍ക്കു സമന്‍സ് അയയ്ക്കുകയാണ് അടുത്ത നടപടി. കുറ്റപത്രം പ്രതികള്‍ക്കു ലഭ്യമാക്കും. പിന്നീട് കേസില്‍ പുനര്‍വിചാരണ ആരംഭിക്കും.
അതേസമയം ധൃതി പിടിച്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് കുട്ടികളുടെ അമ്മ ആരോപിച്ചു.
കൊലപാതക സാധ്യത സിബിഐ അന്വേഷിച്ചില്ല. താനും ഭര്‍ത്താവും ഉള്‍പ്പെടെയുള്ള പ്രധാന സാക്ഷികളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യം പരിഗണിച്ചില്ലെന്നും സിബിഐ ഡിവൈഎസ്പിക്ക് അയച്ച കത്തില്‍ അവര്‍ കുറ്റപ്പെടുത്തി. കുട്ടികളുടെ മാതാവെന്ന നിലയില്‍ നടത്തിയ ജനകീയ നിയമ പോരാട്ടങ്ങളുടെ ഫലമായാണ് കേസ് സിബിഐക്ക് കൈമാറിയതെന്നും അതിനാല്‍ ഒരിക്കല്‍ക്കൂടി തന്നെയും ഭര്‍ത്താവിനെയും കേള്‍ക്കാനുള്ള ഉത്തരവാദിത്തം സിബിഐ കാണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
താന്‍ ഉള്‍പ്പെടെയുള്ള സാക്ഷികളെ തെറ്റായ മൊഴി നല്‍കാന്‍ പോലിസ് പ്രേരിപ്പിച്ചെന്ന് ഇവര്‍ സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ഇത് കാരണമാണ് നുണ പരിശോധന ഉള്‍പ്പെടെ ആവശ്യപ്പെട്ടത്.