കൊവിഡ് പ്രതിരോധത്തിന് കേന്ദ്രം 3,100 കോടി അനുവദിച്ചു
വെന്റിലേറ്ററുകള്‍ക്കായി 2,000 കോടി, അതിഥി തൊഴിലാളികള്‍ക്കായി 1000 കോടി, വാക്‌സിന്‍ വികസിപ്പിക്കുന്നതിന് 100 കോടിയും ചെലവിടും.
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രം 3,100 കോടി രൂപ അനുവദിച്ചു. പിഎം കെയേഴ്‌സില്‍ നിന്നാണ് പണം അനുവദിച്ചത്. വെന്റിലേറ്ററുകള്‍ക്കായി 2,000 കോടി, അതിഥി തൊഴിലാളികള്‍ക്കായി 1000 കോടി, വാക്‌സിന്‍ വികസിപ്പിക്കുന്നതിന് 100 കോടിയും ചെലവിടും. അതിഥി തൊഴിലാളികള്‍ക്കുള്ള ആയിരം കോടി സംസ്ഥാനങ്ങള്‍ക്കാണ് നല്‍കുക. ജില്ലാ കലക്ടര്‍, ജില്ലാ മജിസ്‌ട്രേറ്റ്, മുന്‍സിപ്പല്‍ കമ്മീഷണര്‍മാര്‍ എന്നിവര്‍ക്ക് തുക നേരിട്ട് നല്‍കും.
അതേസമയം, ലോക്ക് ഡൗണ്‍ തുടരുമ്പോഴും രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിക്കുകയാണ്. രോഗ ബാധിതരുടെ എണ്ണം ഒരാഴ്ചക്കുളളില്‍ ഒരു ലക്ഷം കടന്നേക്കുമെന്നാണ് വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ തുടങ്ങി 50 ദിവസം പിന്നിടുമ്പോള്‍ രോഗബാധിതരുടെ എണ്ണത്തില്‍ 143 ഇരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. രോഗബാധ നിരക്ക് സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ ഇന്ത്യ പന്ത്രണ്ടാമതെത്തി. മഹാരാഷ്ട്ര, ദില്ലി, അഹമ്മദാബാദ്, ചെന്നൈ നഗരങ്ങളിലെ രോഗബാധ നിരക്കിലെ വര്‍ധനയാണ് കണക്കിലെ കുതിപ്പിന് പിന്നില്‍.