വാക്‌സിന്‍ വില കുറയ്ക്കാന്‍ നടപടി;കസ്റ്റംസ് നികുതിക്ക് പിന്നാലെ ജിഎസ്ടിയും ഒഴിവാക്കിയേക്കും
വാക്‌സിന്റെ വില പരമാവധി കുറച്ച് എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് ജിഎസ്ടി ഒഴിവാക്കുന്നതിനു പിന്നില്‍. നിലവില്‍ അഞ്ച് ശതമാനം ജിഎസ്ടിയാണ് വാക്‌സിന് നല്‍കേണ്ടത്.
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്റെ വില കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി ജിഎസ്ടി ഒഴിവാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇറക്കുമതി തീരുവയ്ക്കു പിന്നാലെയാണ് ജിഎസ്ടിയും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. വാക്‌സിന്റെ വില പരമാവധി കുറച്ച് എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് ജിഎസ്ടി ഒഴിവാക്കുന്നതിനു പിന്നില്‍. നിലവില്‍ അഞ്ച് ശതമാനം ജിഎസ്ടിയാണ് വാക്‌സിന് നല്‍കേണ്ടത്.
അതേസമയം, 18-45 വയസുള്ളവരുടെ വാക്‌സീന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി ആദ്യ 12 മണിക്കൂറില്‍ കൊവിന്‍ ആപഌക്കേഷനില്‍ രജിസ്‌ട്രേഷന്‍ ചെയ്തവരുടെ എണ്ണം ഒരു കോടി 40 ലക്ഷം കടന്നു. സംസ്ഥാനങ്ങളുടെ സമ്മര്‍ദത്തിലും സുപ്രിംകോടതിയുടെ ഇടപെടലിനും പിന്നാലെ, സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കൊവിഷീല്‍ഡ് വാക്‌സീന്റെ വില കുറച്ചതായി സിറം ഇന്‍സ്റ്റിറ്റിയൂട്ട് വ്യക്തമാക്കിയിരുന്നു. ഭാരത് ബയോടെക്കും വില കുറച്ചേക്കാനിടയുണ്ട്.
കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകളും വാക്‌സിനുകളും നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ നേരത്തെ തന്നെ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. നികുതി ഒഴിവാക്കുന്നതിന് ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി ആവശ്യമാണ്. പക്ഷേ ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പൊന്നും ധനമന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
സ്വകാര്യ ആശുപ്രതികള്‍ക്ക് 1,200 രൂപവരെയാണ് വാക്‌സിന് വില നല്‍കേണ്ടിവരുന്നത്. സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിക്കുന്ന കൊവീഷീല്‍ഡിന് സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കേണ്ടിവരിക ഒറ്റ ഡോസിന് 300 രൂപയാണ്. സ്വകാര്യ ആശുപ്രതികളാകട്ടെ 600 രൂപയും. ഭാരത് ബയോടെകിന്റെ കൊവാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 600 രൂപയ്ക്കാണ് നല്‍കുക. സ്വകാര്യ ആശുപ്രതികള്‍ 1,200 രൂപയുമാണ് വില.
ഡോസ് ഒന്നിന് 400 രൂപയാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യം വില നിശ്ചയിച്ചിരുന്നത്. സര്‍ക്കാര്‍ ഇടപെട്ടതോടെയാണ് വില 300ആക്കി കുറച്ചത്.
രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം കടന്നിരിക്കുകയാണ്. തുടര്‍ച്ചായായ 7 ദിവസവും പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3600 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന മരണസംഖ്യ ഇന്നലെയാണ് ആദ്യമായി മൂവായിരം കടന്നിരുന്നത്.