കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കണം; കേരളത്തിന് കേന്ദ്രത്തിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി: കേരളത്തിലെ പ്രതിദിന കൊവിഡ് കണക്കുകള്‍ പുറത്തുവിടണമെന്ന് കേരളത്തിന് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. പ്രതിദിന കൊവിഡ് കണക്കുകള്‍ കൃത്യമായി പ്രസിദ്ധീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ആരോഗ്യ സെക്രട്ടറിയ്ക്ക് കേന്ദ്രം കത്തയച്ചു. കൊവിഡ് കണക്കുകള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ കേരളം വീഴ്ച വരുത്തിയെന്ന് കേന്ദ്രം വിമര്‍ശിച്ചു. ഏപ്രില്‍ 13ന് ശേഷം കഴിഞ്ഞ അഞ്ച് ദിവസം കണക്കുകള്‍ പുതുക്കിയിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് നല്‍കിയ കത്തില്‍ പറയുന്നത്.
കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ നിര്‍ത്തിയിരുന്നു. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. കേരളത്തിന്റെ നടപടി കേന്ദ്രത്തിന്റെ മൊത്തത്തിലുള്ള കണക്കിനെ ബാധിച്ചു എന്നാണ് കത്തില്‍ പറയുന്നത്. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കേരളം കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്. ഈ കണക്കുകള്‍ കൂടി ചേര്‍ത്താണ് രാജ്യത്തെ കൊവിഡ് കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് പുറത്തുവിട്ടത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളില്‍ 90 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
അഞ്ച് ദിവസത്തെ കണക്കുകള്‍ ഒരുമിച്ച് പുതുക്കി നല്‍കുമ്പോള്‍ അത് ഒരു ദിവസത്തെ വര്‍ധനവായാണ് കണക്കാക്കുക. ഇത് ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.കൂടാതെ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചിരുന്നു. രണ്ടുവര്‍ഷം നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്. എന്നാല്‍, കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷ്‌കര്‍ഷിക്കുന്നത് പ്രകാരമുള്ള മാസ്‌കും ശുചിത്വവും തുടരണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.