പെട്രോള്‍, ഡീസല്‍ നികുതി കുത്തനെ ഉയര്‍ത്തി കേന്ദ്രം; കൂട്ടിയത് പെട്രോളിന് 10ഉം ഡീസലിന് 15ഉം രൂപ വീതം
തീരുവ വര്‍ധിപ്പിച്ചെങ്കിലും പെട്രോള്‍, ഡിസല്‍ എന്നിവയുടെ നിലവിലെ വില്‍പന വിലയില്‍ മാറ്റമുണ്ടാകില്ല. നിരക്ക് വര്‍ധനവ് നിലവില്‍ വന്നതോടെ ഒരു ലിറ്റര്‍ പെട്രോളിന് കൊടുക്കുന്ന തുകയില്‍ 32.98 രൂപയും നികുതിയാണ്.
ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ചുമത്തുന്ന റോഡ് സെസ്, എക്സൈസ് തീരുവകളില്‍ വന്‍ വര്‍ധനവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍.പെട്രോളിനും ഡീസലിനും ലിറ്ററിന് എട്ടുരൂപയുടെ വര്‍ധനവാണ് റോഡ് ആന്‍ഡ് ഇന്‍ഫ്രാ സെസ് ഇനത്തില്‍ വര്‍ധിപ്പിച്ചത്. ഇതോടൊപ്പം എക്സൈസ് തീരുവ പ്രെട്രോളിന് രണ്ട് രൂപയും ഡീസലിന് അഞ്ചുരൂപയും വര്‍ധിപ്പിച്ചു.ഇതോടെ പെട്രോളിന് ലിറ്ററിന് 10 രൂപയുടെയും ഡീസലിന് 15 രൂപയുടെയും വര്‍ധനവാണ് ഉണ്ടായി. വര്‍ധനവ് ഇന്ന് മുതല്‍പ്രാബല്യത്തില്‍ വരും.
ആഗോള തലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.
തീരുവ വര്‍ധിപ്പിച്ചെങ്കിലും പെട്രോള്‍, ഡിസല്‍ എന്നിവയുടെ നിലവിലെ വില്‍പന വിലയില്‍ മാറ്റമുണ്ടാകില്ല. നിരക്ക് വര്‍ധനവ് നിലവില്‍ വന്നതോടെ ഒരു ലിറ്റര്‍ പെട്രോളിന് കൊടുക്കുന്ന തുകയില്‍ 32.98 രൂപയും നികുതിയാണ്. ഡീസലിന് ഇത് 31.83 രൂപയുമാകും.
പുതിയ നികുതി നിരക്ക് പ്രാബല്യത്തിലായതോടെ ഏകദേശം 1.6 ലക്ഷം കോടിയുടെ അധിക വരുമാനം സര്‍ക്കാരിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള തലത്തില്‍ എണ്ണവില ഇടിഞ്ഞതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് കേന്ദ്രം ഇന്ധന നികുതി വര്‍ധിപ്പിക്കുന്നത്. ഇതിന് മുമ്പ് മാര്‍ച്ച് 16 ന് ആയിരുന്നു വര്‍ധനവ് കൊണ്ടുവന്നത്. പെട്രോളിനും ഡീസലിനും അന്ന് മൂന്നുരൂപയുടെ നികുതി വര്‍ധനവാണ് ഏര്‍പ്പെടുത്തിയത്.