പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജമ്മു കശ്മീരിലെ വിവാദ തൊഴില്‍ നിയമം തിരുത്തി കേന്ദ്രം
കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരിലെ എല്ലാ സര്‍ക്കാര്‍ ജോലിയും പ്രദേശത്ത് 15 വര്‍ഷമായി താമസിക്കുന്നവര്‍ക്കായി സംവരണം ചെയ്തുകൊണ്ടാണ് ഭേദഗതി പ്രഖ്യാപിച്ചത്.
ന്യൂഡല്‍ഹി: ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജമ്മു കശ്മീരിലെ വിവാദ തൊഴില്‍ നിയമം തിരുത്തി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരിലെ എല്ലാ സര്‍ക്കാര്‍ ജോലിയും പ്രദേശത്ത് 15 വര്‍ഷമായി താമസിക്കുന്നവര്‍ക്കായി സംവരണം ചെയ്തുകൊണ്ടാണ് ഭേദഗതി പ്രഖ്യാപിച്ചത്. ജമ്മു കശ്മീരിലെ സര്‍ക്കാര്‍ ജോലികള്‍ക്ക് രാജ്യത്ത് എവിടെയുമുള്ളവര്‍ക്കും അപേക്ഷിക്കാമെന്ന നിയമമാണ് കടുത്ത പ്രതിഷേധമുയര്‍ന്നതോടെ കേന്ദ്രം രണ്ട് ദിവസത്തിനകം തിരുത്തിയത്. ചൊവ്വാഴ്ചയാണ് വിവാദ നിയമം പാസാക്കിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി എട്ട് മാസത്തിന് ശേഷമാണ് തൊഴില്‍ നിയമം പുതുക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
'ഭേദഗതി എല്ലാവരേയും തൃപ്തിപ്പെടുത്തും. ഇരു പ്രദേശങ്ങളിലേയും എല്ലാ പാര്‍ട്ടികളും ആവശ്യപ്പെട്ടതു പ്രകാരമാണ് ഭേദഗതിയെന്നും ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി പിന്‍വലിച്ച് എട്ട് മാസത്തിന് ശേഷം കൊണ്ടുവന്ന നിയമത്തെക്കുറിച്ച് സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്‍ഡിടിവിയോട് പറഞ്ഞു.
കേന്ദ്ര ഭരണപ്രദേശമാക്കിയ ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസം നടപ്പാക്കിയ താമസ നിയമവും തൊഴില്‍ സംവരണവും ആശങ്കപ്പെടുത്തുന്നതാണെന്ന് മറ്റു പാര്‍ട്ടികള്‍ക്കൊപ്പം ബിജെപിയും പരാതിപ്പെട്ടിരുന്നു. രാജ്യം കൊറോണക്കെതിരായ പോരാട്ടത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച സമയത്താണ് കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ നിയമം മാറ്റിക്കൊണ്ട് ബുധനാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
കേന്ദ്രഭരണ പ്രദേശത്തെ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ജോലിക്കുള്ള അര്‍ഹത എന്നിവയാണ് ഇതില്‍ നിര്‍വചിക്കുന്നത്. ഇതുപ്രകാരം താഴ്ന്ന ക്ലാസ് ജോലികള്‍ക്ക് മാത്രമാണ് പ്രദേശവാസികള്‍ക്ക് തൊഴില്‍ സംവരണം നല്‍കുക. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകള്‍ക്ക് സംവരണം ബാധകമാകില്ല. കൂടാതെ, ഈ നിയമമനുസരിച്ച് ജമ്മു കശ്മീരില്‍ ജോലിചെയ്യുന്ന അന്യസംസ്ഥാനക്കാര്‍ 15 വര്‍ഷം ഇവിടെയുണ്ടെങ്കില്‍ പ്രദേശവാസികളായി പരിഗണിക്കും. ഇത് എന്നുമുതല്‍ താമസിക്കുന്നവര്‍ക്കാണ് ബാധകമാവുക എന്നത് പോലും വ്യക്തമാക്കിയിരുന്നില്ല.