ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു; അതീവ ജാഗ്രതാ നിര്‍ദേശം; താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ഉടന്‍ മാറണമെന്ന് മുന്നറിയിപ്പ്

വെള്ളമുയരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.

Update: 2022-08-04 09:08 GMT

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ചാലക്കുടിപ്പുഴയിലും കുറുമാലിപ്പുഴയിലും ജലനിരപ്പ് അപകടകരമാം വിധം ഉയരുന്നു. പറമ്പിക്കുളം ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ ചാലക്കുടി പുഴയില്‍ വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 

വെള്ളമുയരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.

താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്ന് ജില്ലാ കലക്ടറും ആവശ്യപ്പെട്ടു.2018 ല്‍ പ്രളയബാധിതമായ പ്രദേശങ്ങളിലുള്ളവരെല്ലാം മാറണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. തൃശ്ശൂര്‍, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലര്‍ത്തണം. 2018 ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണം.

തമിഴ്‌നാട്ടിലെ പറമ്പിക്കുളം, തൂണക്കടവ് ഡാമുകളില്‍ നിന്ന് ഇന്ന് രാവിലെ മുതല്‍ പൊരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ജലം ഒഴുകിവരികയാണ്. നിലവില്‍ 13000 ക്യുസെക്‌സ് വെള്ളമാണ് പറമ്പിക്കുളത്തു നിന്നും ഡാമിലേക്ക് എത്തുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകുക കൂടി ചെയ്തതോടെ പൊരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്ന് കൂടുതല്‍ ജലം തുറന്നുവിടേണ്ട സാഹചര്യമാണ്. ഡാം കൂടുതല്‍ തുറക്കുന്നതോടെ ചാലക്കുടി പുഴയില്‍ ഒന്നര മീറ്ററോളം വെള്ളം ഉയരാന്‍ സാധ്യതയുണ്ട്.

അതോടൊപ്പം വേലിയേറ്റ സമയം ആവുന്ന പക്ഷം കടലിലേക്ക് വെള്ളം ഒഴുകിപ്പോവാതിരിക്കാനുള്ള സാധ്യതയുമുണ്ട്. ആയതിനാല്‍ പുഴക്കരയില്‍ താമസിക്കുന്നവരെ എത്രയും വേഗം വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പുഴയിലെ ജലം ഏത് സമയത്തും അപകടകരമായ സ്ഥിതിയിലേക്ക് ഉയരാമെന്ന സാഹചര്യമായതിനാല്‍ പുഴയുടെ ഇരു വശങ്ങളിലും താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശം അനുസരിച്ച് എത്രയും വേഗം മാറിത്താമസിക്കണം.

വെള്ളം ഉയര്‍ന്ന് ഒഴിപ്പിക്കല്‍ പ്രയാസകരമാവുന്ന സാഹചര്യം സൃഷ്ടിക്കരുത്. എല്ലാവരും മാറിത്താമസിക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. സെക്കന്‍ഡില്‍ 16050 ക്യൂസെക്‌സ് വെള്ളമാകും പുഴയിലേക്ക് ഒഴുകിയെത്തുമെന്നാണ് റിപ്പോര്‍ട്ട്. വൈകീട്ടോടെ പുഴയില്‍ വന്‍തോതില്‍ വെള്ളം ഉയരുമെന്നാണ് മുന്നറിയിപ്പ്.

ചിമ്മിനി ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതിനാല്‍ കുറുമാലി പുഴക്കരയിലുള്ളവര്‍ മാറിത്താമസിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കും. നിലവില്‍ കുറുമാലിപ്പുഴയിലെ ജലനിരപ്പ് വാണിംഗ് ലെവലിന് മുകളിലാണ്. ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ ജലനിരപ്പ് അപകടരമായ നിലയിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ കുറുമാലി പുഴയുടെ തീരത്തുള്ളവര്‍ ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലെര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. കൊല്ലം , മലപ്പുറം, കോഴിക്കോട് , വയനാട് , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതുണ്ട്.

Tags:    

Similar News