രാജസ്ഥാനിലെ പാലസ് ഹോട്ടല്‍ വില്‍പ്പന: അരുണ്‍ ഷൂരിക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം

Update: 2020-09-17 11:48 GMT

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ഏറ്റവും വലിയ പാലസ് ഹോട്ടല്‍ വില്‍പ്പന അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂറിക്കെതിരേ കേസെടുക്കണമെന്ന് പ്രത്യേക സിബിഐ കോടതി. ഉദയ്പൂരിലെ ലക്ഷ്മി വിലാസ് പാലസ് ഹോട്ടല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് വാജ്‌പേയ് മന്ത്രിസഭയിലെ അംഗവും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂറി, മുന്‍ ബ്യൂറോക്രാറ്റ് പ്രദീപ് ബൈജാല്‍, ജ്യോത്സ്‌ന സൂരി എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. ഹോട്ടല്‍ വില്‍പ്പന കേസ് വീണ്ടും ആരംഭിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അട ബിഹാരി വാജ്പേയി സര്‍ക്കാരില്‍ ഓഹരി വിറ്റഴിക്കല്‍ മന്ത്രിയായിരുന്ന അരുണ്‍ ഷൂറിയുടെ നേതൃത്വത്തില്‍ 252 കോടി രൂപ വിലമതിക്കുന്ന ഹോട്ടല്‍ ലക്ഷ്മി വിലാസ് 7.5 കോടി രൂപയ്ക്ക് വില്‍പ്പന നടത്തിയതായും കോടതി ചൂണ്ടിക്കാട്ടി. ഫത്തേ സാഗര്‍ തടാക തീരത്തെ മനോഹരമായ പഞ്ചനക്ഷത്ര ഹോട്ടലായ ലക്ഷ്മി വിലാസ് പാലസ് വിനോദ സഞ്ചാരികളുടെ ആകര്‍ഷണീയ സ്ഥലമായിരുന്നു.

    2002ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവുകളൊന്നുമില്ലെന്ന് പറഞ്ഞ് 2019 കേസ് അവസാനിപ്പിക്കുന്നതായി കാണിച്ച് സിബിഐ രംഗത്തെത്തിയിരുന്നു. ഉദയ്പൂരിലെ ലക്ഷ്മി വിലാസ് പാലസ് ഹോട്ടലിന്റെ ഓഹരി വിറ്റഴിക്കല്‍ പ്രക്രിയയില്‍ വിചാരണ തുടങ്ങാനുള്ള തെളിവുകള്‍ കണ്ടെത്തിയില്ലെന്നു പറഞ്ഞായിരുന്നു സിബി ഐ നടപടി. എന്നാല്‍, ജോധ്പൂരിലെ പ്രത്യേക കോടതി റിപോര്‍ട്ട് നിരസിക്കുകയും കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.

    സര്‍ക്കാര്‍ നടത്തുന്ന ആഡംബര ഹോട്ടലിന്റെ ഓഹരി വിറ്റഴിക്കല്‍ മൂലം സര്‍ക്കാരിന് ഏകദേശം 143.48 കോടി രൂപയുടെ നഷ്ടം സംഭവിക്കുകയും പ്രതികള്‍ക്ക് വ്യക്തിപരമായി നേട്ടമുണ്ടാവുകയും ചെയ്തതായാണു കണ്ടെത്തിയത്. ഹോട്ടല്‍ വില്‍പ്പനയില്‍ പ്രദീപ് ബൈജല്‍ ഓഹരി വിറ്റഴിക്കല്‍ സെക്രട്ടറി സ്ഥാനം ദുരുപയോഗം ചെയ്‌തെന്ന് രോപിച്ച് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐ 2014 ആഗസ്ത് 13ന് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം സിബിഐ കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കോടതി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചിരുന്നത്. 1999 മുതല്‍ 2002 വരെ സര്‍ക്കാരിനു പണം നഷ്ടപ്പെടാന്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളും കാരണമായെന്നും ഒരു ചതുരശ്ര യാര്‍ഡിന് 45 രൂപയാണ് ഭൂമിയുടെ മൂല്യം കണക്കാക്കിയതെന്നും ഹോട്ടലിലെ സ്പൂണി് അതിനേക്കാള്‍ വില വരുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഉദയ്പൂരിലെ മുന്‍ രാജാക്കന്മാരുടേതാണ് ലക്ഷ്മി വിലാസ് കൊട്ടാരം. നാട്ടുരാജ്യങ്ങളുടെ ഭരണകാലത്ത് വന്‍ സ്വത്ത് സര്‍ക്കാരിനു കൈമാറി. സ്വാതന്ത്ര്യാനന്തരം സര്‍ക്കാര്‍ ഇത് ഒരു ഹോട്ടലായി നടത്തി. 2002ല്‍ ഇത് ലളിത് സൂരി ഗ്രൂപ്പ് ഹോട്ടല്‍ വാങ്ങുകയായിരുന്നു.




Tags:    

Similar News