
കോഴിക്കോട്: പാലക്കാട് നെന്മാറയില്‍ രണ്ടു പേരെ കൊന്ന ചെന്താമരയെ കുറിച്ച് വെളിപ്പെടുത്തലുമായി സുഹൃത്ത്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലെ ഒരു എസ്‌റ്റേറ്റിലെ സുരക്ഷാ ജീവനക്കാരനായി ചെന്താമര ജോലി ചെയ്തിരുന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന മണികണ്ഠനോടാണ് അയല്‍വാസികളോടുള്ള കടുത്ത വിരോധം ചെന്താമര പ്രകടിപ്പിച്ചിരുന്നത്. രണ്ടുപേരെ കൊന്നശേഷമേ മരിക്കൂവെന്ന് ചെന്താമര പറഞ്ഞിരുന്നതായി മണികണ്ഠന്‍ പറഞ്ഞു. ഒരു മാസം മുന്‍പുവരെ ചെന്താമര കൂടരഞ്ഞിയില്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. ആര് പറഞ്ഞാലും കേള്‍ക്കുന്ന സ്വഭാവക്കാരനല്ല ചെന്താമരയെന്നും മണികണ്ഠന്‍ പറഞ്ഞു.

മണികണ്ഠന്‍
നേരത്തേ ഒരാളെ കൊന്ന് ജയിലില്‍ പോയ കാര്യം ചെന്താമര തന്നോട് പറഞ്ഞിരുന്നതായും മണികണ്ഠന്‍ പറഞ്ഞു. മൂന്ന് പേരോട് പകയുണ്ടായിരുന്നുവെന്നും അതില്‍ ഒരാളെ കൊലപ്പെടുത്തിയാണ് ജയിലില്‍ പോയതെന്നും ചെന്താമര പറഞ്ഞിരുന്നുവെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് വിശദീകരിച്ചു. ചെന്താമര ഉപയോഗിച്ചിരുന്ന ഫോണ്‍ തിരുവമ്പാടിയില്‍ വിറ്റുവെന്നും ഇത് ഓണ്‍ ആയി എന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം അവിടെയെത്തിയിരുന്നു. തുടര്‍ന്നാണ് ഫോണ്‍ വിറ്റത് ക്വാറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണെന്ന് കണ്ടെത്തിയത്.
പാലക്കാടുള്ള ഒരു സെക്യൂരിറ്റി ഏജന്‍സി വഴിയാണ് ചെന്താമര കൂമ്പാറയില്‍ ജോലിക്കെത്തിയതെന്ന് മാതാ ഇന്‍ഡസ്ട്രീസ് മാനേജര്‍ മോഹന്‍ദാസ് പറഞ്ഞു. 2023 പകുതി മുതല്‍ 2024 ഡിസംബര്‍ ആദ്യം വരെ ക്വാറിയില്‍ ജോലിചെയ്തിരുന്നു. പെട്ടെന്ന് വയറിന് അസുഖം വന്നതോടെ ചികിത്സക്കായി പോകുകയാണെന്ന് പറഞ്ഞു പോയതാണെന്നും പിന്നീട് തിരികെ വന്നിട്ടില്ലെന്നും മോഹന്‍ദാസ് പറഞ്ഞു. ജോലിക്കാര്യത്തില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും അധികം സംസാരിക്കാത്തതും തലകുനിച്ച നടക്കുന്നതുമായ ഒരാളായിരുന്നു. ഗൗരവക്കാരനായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന മീനാക്ഷിയേയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
2019ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം.