
റായ്പൂര്‍: ഒമ്പത് ഭാര്യമാര്‍ ഉപേക്ഷിച്ച് പോയ യുവാവ് പത്താം ഭാര്യയെ കൊന്ന് മൃതദേഹം കാട്ടില്‍ തള്ളി. ഛത്തീസ്ഗഡിലെ ജഷ്പൂര്‍ ജില്ലയിലെ സുലെസ ഗ്രാമത്തിലെ ധുല റാമിനെയാണ് ഭാര്യ ബാസന്തി ഭായിയെ കൊന്നതിന് പോലിസ് അറസ്റ്റ് ചെയ്തത്. ഒരു വിവാഹചടങ്ങില്‍ നിന്ന് സാരിയും അരിയും മറ്റും മോഷ്ടിച്ചെന്നാരോപിച്ചാണ് ബാസന്തിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് പോലിസ് അറിയിച്ചു. കൊലപാതകം നടന്ന് അഞ്ചാം ദിവസമാണ് ബഗിച്ച പ്രദേശത്തെ വനത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.
അക്രമസ്വഭാവമുള്ള ധുല റാം മുമ്പ് ഒമ്പതു തവണ വിവാഹം കഴിച്ചിരുന്നതായി പോലിസ് പറഞ്ഞു. അടിയും ഇടിയും സഹിക്കാനാവാതെ എല്ലാവരും ഉപേക്ഷിച്ചു. പിന്നീടാണ് ബാസന്തിയെ വിവാഹം കഴിച്ചത്. ബാസന്തിയും തന്നെ ഉപേക്ഷിച്ചു പോവുമെന്ന ആശങ്ക ഇയാള്‍ക്കുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.