വിശാഖപട്ടണം ആന്ധ്രയുടെ പുതിയ തലസ്ഥാനം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി
വിശാഖപട്ടണം: ആന്ധ്രാപ്രദേശിന് പുതിയ തലസ്ഥാനം. വിശാഖപട്ടണം ആന്ധ്രയുടെ തലസ്ഥാനമാവുമെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയാണ് പ്രഖ്യാപിച്ചത്. അവിഭക്ത ആന്ധ്രയുടെ തലസ്ഥാനം ഹൈദരാബാദ് ആയിരുന്നു. തെലങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോള്‍ നേരത്തെ ആന്ധ്രയുടെ തലസ്ഥാനമായിരുന്ന ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമായി. ഇതോടെയാണ് ആന്ധ്രയ്ക്ക് തലസ്ഥാനം നഷ്ടമായത്. 'വരാനിരിക്കുന്ന ദിവസങ്ങളില്‍ നമ്മുടെ തലസ്ഥാനമാവാന്‍ പോവുന്ന വിശാഖപട്ടണത്തിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു' മാര്‍ച്ച് 3, 4 തിയ്യതികളില്‍ വിശാഖപട്ടണത്ത് നടക്കുന്ന നിക്ഷേപക സംഗമത്തിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടാണ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പ്രഖ്യാപനം. താന്‍ വിശാഖപട്ടണത്തേക്ക് ഉടന്‍ മാറുമെന്നും ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.
ആന്ധ്രാപ്രദേശില്‍ നിന്ന് തെലങ്കാന വിഭജിച്ച് ഹൈദരാബാദ് തലസ്ഥാനമാക്കിയതിന് ശേഷമുള്ള ഒമ്പതാം വര്‍ഷത്തിലാണ് പുതിയ തലസ്ഥാനം പ്രഖ്യാപിച്ചത്. തീരദേശ നഗരമായ വിശാഖപട്ടണം ആന്ധ്രാപ്രദേശിലെ ഏറ്റവും വലുതും ജനസംഖ്യയുള്ളതുമായ നഗരമാണ്. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ആന്ധ്ര സര്‍ക്കാര്‍ 2015 ഏപ്രില്‍ 30ന് കൃഷ്ണ നദിയുടെ തീരത്തുള്ള അമരാവതിയെ പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, 2020ല്‍ അമരാവതി, വിശാഖപട്ടണം, കര്‍ണൂല്‍ എന്നീ മൂന്ന് സ്ഥലങ്ങളെ തലസ്ഥാനങ്ങളാക്കാന്‍ നീക്കം നടന്നു. ഇതിനെതിരേ പ്രതിഷേധമുയര്‍ന്നതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
അതേസമയം, അമരാവതിയില്‍ വലിയ ഭൂമി അഴിമതി നടന്നു എന്നായിരുന്നു ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആരോപിച്ചത്. മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടി നേതാക്കള്‍ പ്രദേശത്തെ ഭൂമി നേരത്തെ കൈവശപ്പെടുത്തിയിരുന്നുവെന്നും പിന്നീട് വലിയ വിലയ്ക്ക് മറിച്ചുവില്‍ക്കുകയും ചെയ്തു എന്നായിരുന്നു ആരോപണം. എന്നാല്‍, അഴിമതി ആരോപണം ചന്ദ്രബാബു നായിഡു തള്ളി. ഇതുസംബന്ധിച്ച് ആരോപണങ്ങളും പ്രത്യാരോപണങ്ങളും തുടരവെയാണ് വിശാഖപട്ടണം ആന്ധ്രയുടെ തലസ്ഥാനമാവുമെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചിരിക്കുന്നത്.