അരിയെത്ര പയറഞ്ഞാഴി എന്നല്ല, മുഖ്യമന്ത്രി രാഷ്ട്രീയ മറുപടി പറയണം

Update: 2024-09-11 13:03 GMT

     തന്റെ വിശ്വസ്തനായി പിണറായി വിജയന്‍ നിശ്ചയിച്ച ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ സ്വകാര്യ വാഹനത്തില്‍ ആര്‍എസ്എസ് നേതാവിനോടൊപ്പം ആര്‍എസ്എസ് നേതാക്കളെ പലപ്പോഴും സന്ദര്‍ശിച്ചതിലും അതോടൊപ്പം മുഖ്യമന്ത്രിയുടെ വേണ്ടപ്പെട്ടവരും സന്ദര്‍ശനത്തില്‍ ഉണ്ടായിരുന്നു എന്നതിലും രാഷ്ട്രീയമായി മറുപടി പറയേണ്ട ബാധ്യത കേരളത്തിലെ മുഖ്യമന്ത്രിക്ക് ഉണ്ട്. അരിയെത്ര പയറഞ്ഞാഴി എന്ന മറുപടിയാണ് കോവളത്തെ പ്രസംഗത്തില്‍ പിണറായി വിജയന്‍ നല്‍കിയിട്ടുള്ളത്. കേരളത്തില്‍ നിരവധി സഖാക്കള്‍ രക്തസാക്ഷികളായിട്ടുണ്ട് എന്നതും നിരന്തരം സംഘപരിവാറുമായി രാഷ്ട്രീയ സംഘര്‍ഷത്തിലേര്‍പ്പെട്ടിട്ടുണ്ട് എന്നതും കേരളം തര്‍ക്കിക്കുന്ന കാര്യമല്ല, അത് യാഥാര്‍ഥ്യമാണ്. അതുപോലെ തന്നെ ആര്‍എസ്എസിനെ എതിര്‍ത്തതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന ഒട്ടനവധി ആളുകളും കേരളത്തിലുണ്ട്.

സിപിഎമ്മിന്റെ നാളിതുവരെയുള്ള രാഷ്ട്രീയ ചരിത്രം വിശദീകരിക്കുന്നതിന് പകരം എഡിജിപി ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടും അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ കേരളത്തില്‍ നടന്ന ന്യൂനപക്ഷ വിരുദ്ധ വേട്ടകളെ സംബന്ധിച്ചും മലപ്പുറം ജില്ലയില്‍ കേസുകളുടെ എണ്ണം വര്‍ധിപ്പിച്ചതിനെ സംബന്ധിച്ചും എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ നിഗൂഢത സംബന്ധിച്ചും വിശദീകരിക്കണം.

എന്തിനായിരുന്നു പോലിസ് സേനയ്ക്കുള്ളില്‍ ഡാന്‍സാഫ് എന്ന പേരില്‍ ഗൂഢസംഘം. എടവണ്ണയിലെ റിദാനും താമിര്‍ ജിഫ്രിയും കൊല്ലപ്പെട്ടതെങ്ങനെ?. മരം മുറി, സ്വര്‍ണ കള്ളക്കടത്ത്, സ്വര്‍ണം തട്ടിയെടുക്കല്‍, സ്വര്‍ണക്കടത്ത് കേസ് നിര്‍വീര്യമാക്കല്‍ തുടങ്ങിയ പലതിനും ഉത്തരം കിട്ടേണ്ടതുണ്ട്.

സവര്‍ണ താല്‍പര്യമായ ഭരണഘടനാ വിരുദ്ധ സാമ്പത്തിക സംവരണം രാജ്യത്ത് ആദ്യം നടപ്പാക്കിയതും കേരളത്തിലെ ഇടതു സര്‍ക്കാരാണ്. കളമശ്ശേരിയില്‍ ഭീകര സ്‌ഫോടനം നടന്നയുടന്‍ തന്നെ മുസ് ലിം യുവാക്കളെ തേടി പോലിസ് വീടുകള്‍ കയറിയിറങ്ങിയത് കേരളാ പോലിസിന്റെ മുന്‍വിധി കൃത്യമായി അടയാളപ്പെടുത്തുന്നതാണ്. മാര്‍ട്ടിന്‍ കുറ്റസമ്മതം നടത്തിയില്ലായിരുന്നെങ്കില്‍ നിരപരാധികളായ പലരും അഴികള്‍ക്കുള്ളില്‍ ക്രൂരമര്‍ദ്ദനത്തിനിരയാവുമായിരുന്നു. മാര്‍ട്ടിനായപ്പോള്‍ ഗൂഢാലോചനയില്ല, കൂട്ടുപ്രതികളില്ല. ഇത്തരം കാര്യങ്ങളില്‍ കൃത്യമായി മറുപടി പറയാനുള്ള ബാധ്യതയാണ് മുഖ്യമന്ത്രിക്കുള്ളത്. ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്ത പിണറായി വിജയന്റെ മൗനം കൂടുതല്‍ ദുരൂഹവും സംശയകരവുമാണ്.

പിണറായി വിജയന്റെ വ്യക്തി താല്‍പര്യത്തിന് വേണ്ടി പോലിസ് സേനയിലെ അധിപനെ ഉള്‍പ്പെടെ ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്. ആര്‍എസ്എസുമായി വളരെ തെറ്റായ ബന്ധം കാലങ്ങളായി കാത്തുസൂക്ഷിക്കുന്നു. അതിലൂടെ കേരളത്തിന്റെ മതനിരപേക്ഷ ചേരിയെയും മനുഷ്യാവകാശങ്ങളെയും മത ന്യൂനപക്ഷങ്ങളുടെ ജീവിതാവകാശങ്ങളെയും ബലി കൊടുത്തു കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ക്കെതിരേ വിശദീകരണം നല്‍കാനുള്ള ധാര്‍മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി നിര്‍വഹിക്കേണ്ടത്.

മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

(എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്)

Tags:    

Similar News