കണ്ണൂരില്‍ ബോംബ് പൊട്ടി കുട്ടിക്ക് ഗുരുതര പരിക്ക്; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ബോംബ് നിര്‍മ്മാണമെന്ന് യുഡിഎഫ്

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ബോംബ് നിര്‍മ്മാണം നടത്തുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. സിപിഎം ആയുധശേഖരം നടത്തിയതിന്റെ തെളിവാണ് മട്ടന്നൂര്‍ പരിയാരത്ത് പെരുവയല്‍ക്കരി കെളങ്ങോട്ട് സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന ബോംബ് സ്‌ഫോടനമെന്ന് യു.ഡി.എഫ് പ്രസ്താവനയില്‍ പറഞ്ഞു.

Update: 2019-04-03 17:59 GMT

കണ്ണൂര്‍: ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ ബോംബ് പൊട്ടി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് കണ്ണൂരില്‍ വീണ്ടും ബോംബ് പൊട്ടി കുട്ടിക്ക് പരിക്കേറ്റു. മട്ടന്നൂര്‍ പരിയാരത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റത്. വിജില്‍ എന്ന പതിനാല് വയസുകാരനാണ് പരിക്കേറ്റത്. കളിക്കുന്നതിനിടെ ആളൊഴിഞ്ഞ പറമ്പില്‍ കിടന്ന ബോംബ് കുട്ടി അറിയാതെ കയ്യിലെടുക്കുകയായിരുന്നുവെന്നാണ് വിവരം.

ആദ്യം കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തിച്ച കുട്ടിയെ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രണ്ടാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കണ്ണൂരില്‍ ബോംബ് പൊട്ടി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നത്. കഴിഞ്ഞയാഴ്ച്ച നടുവിലില്‍ ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ സ്‌ഫോടനുമുണ്ടായി മകനടക്കം രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ബോംബ് നിര്‍മ്മാണം നടത്തുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. ഇതിന്റെ മുന്നോരുക്കമായി സിപിഎം ആയുധശേഖരം നടത്തിയതിന്റെ തെളിവാണ് മട്ടന്നൂര്‍ പരിയാരത്ത് പെരുവയല്‍ക്കരി കെളങ്ങോട്ട് സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന ബോംബ് സ്‌ഫോടനമെന്ന് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു.

ജില്ലയില്‍ പരാജയഭീതി പൂണ്ട സിപിഎം നേതൃത്വം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വ്യാപകമായി ബോംബുകളും ആയുധങ്ങളും ശേഖരിച്ചിട്ടുണ്ട്. പാര്‍ട്ടി ഗ്രാമങ്ങളില്‍ വ്യാപകമായി ബോംബ് നിര്‍മ്മാണം നടക്കുന്നു എന്നതിന്റെ തെളിവാണ് ബോംബ് പൊട്ടി പിഞ്ചു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേല്‍ക്കാനിടയായ സംഭവം. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ അടിയന്തിരമായും പോലിസിലെ സ്‌പെഷ്യല്‍ ടീമിനെ ഉപയോഗിച്ച് പരിശോധന നടത്തണം. സംസ്ഥാന പോലീസ് ചീഫ് ജില്ലയില്‍ അടിയന്തിരമായും സന്ദര്‍ശനം നടത്തണം.

കേരളത്തിലെ ഒരു മന്ത്രിയുടെ നിയോജക മണ്ഡലത്തിലാണ് ഈ സംഭവം ഉണ്ടായത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പാര്‍ട്ടി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും ഇടപെടണമെന്ന് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് ആവശ്യപ്പെട്ടു.

Tags:    

Similar News