ബെയ്ജിങ്: കടുത്ത കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരേ ചൈനയില്‍ പ്രതിഷേധം ശക്തമാവുന്നു. പ്രസിഡന്റ് ഷി ജിന്‍പിങ് രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഉറുംഖി തീപ്പിടിത്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടത്തിയ മാര്‍ച്ചില്‍ ഷി ജിന്‍പിങ് രാജിവയ്ക്കണമെന്ന മുദ്രാവാക്യമുയര്‍ന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ പ്രതിഷേധക്കാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം ഒഴിയാന്‍ ആവശ്യപ്പെടുന്നതായി കാണാം. ഷി ജിന്‍പിങ് പടിയിറങ്ങൂ, സിന്‍ജിയാംഗിലെ ലോക്ക് ഡൗണ്‍ അവസാനിപ്പിക്കൂ എന്നിങ്ങനെ മുദ്രാവാക്യം മുഴക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്തുനീക്കിയതായും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.
കൊവിഡ് നിയന്ത്രണങ്ങളാണ് ഉറുംഖി തീപ്പിടിത്തത്തില്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയെന്നും കെട്ടിടം ഭാഗികമായി പൂട്ടിയതിനാല്‍ താമസക്കാര്‍ക്ക് യഥാസമയം രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. സിന്‍ജിയാംഗിന്റെ തലസ്ഥാനമായ ഉറുംഖിയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തില്‍ 10 പേരാണ് മരിച്ചത്. ഒമ്പതുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
Residents of Urumqi in China took to the streets in a rare protest against prolonged COVID curbs, according to footage seen on social media https://t.co/tHXkz5DsMX pic.twitter.com/DCijWielQ9
— Reuters (@Reuters) November 26, 2022
China protests spread to dozens of college campuses, calls grow for end to lockdownsപരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഈയാഴ്ച ആദ്യം സെന്‍ട്രല്‍ ചൈനയിലെ ഹൊനാന്‍ പ്രവിശ്യയിലെ വസ്ത്രനിര്‍മാണശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ 38 പേര്‍ മരിച്ചിരുന്നു. സര്‍ക്കാരിന്റെ കഠിനമായ കൊവിഡ് ലോക്ക് ഡൗണ്‍ നടപടികള്‍ക്കെതിരായ ചൈനയിലെ പ്രതിഷേധം വാരാന്ത്യത്തില്‍ ശക്തമാണ്. പതിറ്റാണ്ടുകളായി കാണാത്ത തോതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭൂതപൂര്‍വമായ വെല്ലുവിളിയായി രാജ്യമെമ്പാടുമുള്ള ഡസന്‍ കണക്കിന് യൂനിവേഴ്‌സിറ്റി കാംപസുകളിലേക്ക് വ്യാപിച്ചു. പടിഞ്ഞാറന്‍ സിചുവാന്‍ യൂനിവേഴ്‌സിറ്റി മുതല്‍ കിഴക്ക് നാന്‍ജിങ് കമ്മ്യൂണിക്കേഷന്‍സ് യൂനിവേഴ്‌സിറ്റി വരെ രാജ്യത്തുടനീളം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഒത്തുകൂടി.
ചൈനയില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ശനിയാഴ്ച 39,791 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 31,709 പേര്‍ക്ക് രോഗലക്ഷണങ്ങളില്ല. 2019ല്‍ ആദ്യമായി വുഹാനില്‍ കൊവിഡ് വൈറസ് റിപോര്‍ട്ട് ചെയ്തതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസാണിത്. 66 ലക്ഷം പേര്‍ താമസിക്കുന്ന ഷെങ്‌ഷോവിലെ എട്ട് ജില്ലകളിലെ ജനങ്ങളോട് അടുത്ത അഞ്ചുദിവസത്തേക്ക് ഭക്ഷണത്തിനോ ചികില്‍സയ്‌ക്കോ അല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.