ബെയ്ജിങ്: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരേ ചൈനയില്‍ ജനങ്ങളുടെ പ്രതിഷേധം. പ്രതിഷേധം അക്രമാസക്തമായതിനെത്തുടര്‍ന്ന് ഏഴുപേരെ അറസ്റ്റ് ചെയ്തു. കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരേ അധികാരികളോട് വിമതസ്വരം ഉയര്‍ത്തിയവരാണ് പിടിയിലായത്. സര്‍ക്കാരിന്റെ സീറോ കൊവിഡ് നയത്തിനെതിരായ വടക്കുകിഴക്കന്‍ ചൈനയില്‍ നടന്ന പ്രതിഷേധമാണ് അക്രമാസക്തമായത്. ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്ന താമസക്കാരും പോലിസും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഏഴ് പേരെ അറസ്റ്റ് ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപോര്‍ട്ട് ചെയ്തു.
അറസ്റ്റിലായവരെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പുതുതായി 2,230 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചൈനയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. ടെക്‌നോളജി ഹബ്ബായ ഗ്വാന്‍ഷോയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ക്വാറന്റൈനും ലോക്ക് ഡൗണും നിര്‍ബന്ധിത പരിശോധനയും ചൈന ഇപ്പോഴും തുടരുകയാണ്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടിയുണ്ടാവുമെന്ന് ഷാന്‍ഡോങ് പോലിസ് അറിയിച്ചിരുന്നു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തിലും സീറോ കൊവിഡ് എന്ന നയം തുടരുമെന്ന് പ്രസിഡന്റ് ഷീ ജിങ് പിങ് വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട മരണങ്ങളുടെ പ്രതിദിന ശരാശരി അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയെങ്കിലും 33 യുഎസ് സംസ്ഥാനങ്ങളില്‍ കേസുകള്‍ രണ്ടാഴ്ച മുമ്പുള്ളതിനേക്കാള്‍ വര്‍ധിക്കുന്നു. ഏഴ് ദിവസത്തെ ശരാശരി പുതിയ കേസുകള്‍ തിങ്കളാഴ്ച 39,711 ആയി ഉയര്‍ന്നു. 33 സംസ്ഥാനങ്ങളിലും വാഷിങ്ടണ്‍ ഡിസിയിലും ഒരേ സമയം കേസുകള്‍ വര്‍ധിച്ചതിനാല്‍ പ്രതിദിന ശരാശരി രണ്ടാഴ്ച മുമ്പുള്ളതിനേക്കാള്‍ 6% വര്‍ധിച്ചു.