ആണവേതര ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ച് ചൈന; തീഗോളം കൂടുതല്‍ സമയം നിലനില്‍ക്കും

ബീയ്ജിങ്: ആണവേതര ഹൈഡ്രജന്‍ ബോംബ് ചൈന വിജയകരമായി പരീക്ഷിച്ചെന്ന് റിപോര്‍ട്ട്. വെറും രണ്ടു കിലോഗ്രാം മാത്രം തൂക്കം വരുന്ന ബോംബുണ്ടാക്കിയ തീഗോളം രണ്ടു സെക്കന്‍ഡ് സമയം ആയിരം ഡിഗ്രി സെല്‍ഷ്യസ് ചൂട് നിലനിര്‍ത്തിയെന്നും ഗവേഷകര്‍ അറിയിച്ചു. ടിഎന്‍ടി പോലുള്ള സ്‌ഫോടകവസ്തുക്കള്‍ കൊണ്ട് സൃഷ്ടിക്കുന്ന സ്‌ഫോടനങ്ങളേക്കാള്‍ ശക്തമാണ് ഇത്. ടിഎന്‍ടി സ്‌ഫോടനങ്ങള്‍ 0.12 സെക്കന്‍ഡ് മാത്രമാണ് നിലനില്‍ക്കുക. ചൈനീസ് സര്‍ക്കാരിന് കീഴിലുള്ള ചൈന സ്‌റ്റേറ്റ് ഷിപ്പ് ബില്‍ഡിങ് കോര്‍പറേഷന്റെ ഭാഗമായ 705 റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടാണ് ബോംബ് തയ്യാറാക്കിയത്. മഗ്നീഷ്യം ഹൈഡ്രൈഡ് അടിസ്ഥാനമാക്കിയ ബോംബാണിത്.

എത്ര വലിയ ലാബായാലും പ്രതിദിനം ഒന്നോ രണ്ടോ ഗ്രാം മഗ്നീഷ്യം ഹൈഡ്രൈഡ് മാത്രമേ നിര്‍മിക്കാന്‍ സാധിക്കൂ. ചൈനയിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഷാന്‍ക്‌സിയില്‍ മഗ്നീഷ്യം ഹൈഡ്രൈഡ് നിര്‍മിക്കുന്ന വലിയ പ്ലാന്റ് ഈ വര്‍ഷം തുടക്കത്തില്‍ സ്ഥാപിച്ചിരുന്നു. പ്രതിവര്‍ഷം 150 ടണ്‍ മഗ്നീഷ്യം ഹൈഡ്രൈഡ് നിര്‍മിക്കാന്‍ ഈ പ്ലാന്റിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.