തെരുവുകളില്‍ റോബോട്ട് പോലിസിനെ വിന്യസിച്ച് ചൈന (വീഡിയോ)

പ്രതിഷേധക്കാര്‍ക്കെതിരേ ടിയര്‍ ഗ്യാസും വലത്തോക്കും ഉപയോഗിക്കാന്‍ ഇവക്ക് കഴിയും.

Update: 2024-12-11 04:21 GMT

ബീജിങ്: തെരുവുകളിലെ പട്രോളിങ്ങിന് സാധാരണ പോലിസിന് പകരം ഉരുണ്ട റോബോട്ടുകളെ വിന്യസിച്ച് ചൈന. കുറ്റവാളികളെ കണ്ടെത്താനും തുരത്തിയോടിക്കാനും നിര്‍മിത ബുദ്ധിയില്‍(എഐ) അധിഷ്ഠിതമായ ഈ റോബോട്ടുകള്‍ക്ക് കഴിയുമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ചുറ്റുവട്ടത്തെ അസാധാരണ സാഹചര്യങ്ങള്‍ മനസിലാക്കാന്‍ ഇവയെ പരിശീലിപ്പിച്ചിട്ടുണ്ട്. മുമ്പ് കേസില്‍ പ്രതിയായി ഒളിവില്‍ പോയവരെ കണ്ടു പിടിക്കാനും ഇതിന് സാധിക്കും. പോലിസ് ഡാറ്റാ ബേസിലെ ചിത്രങ്ങളിലുള്ളവരെ ഇവയുടെ കാമറയ്ക്ക് മനസിലാക്കാന്‍ സാധിക്കും.

മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗത്തില്‍ ഉരുളാന്‍ സാധിക്കുന്ന ഇവക്ക് കെട്ടിടങ്ങളുടെ മുകളിലും കയറാന്‍ കഴിവുണ്ട്. പ്രതി കെട്ടിടത്തില്‍ നിന്ന് ചാടിയാല്‍ ഇതും പിന്നാലെ ചാടും. പ്രതിക്ക് പരിക്ക് പറ്റിയാലും റോബോട്ടിന് ഒന്നും സംഭവിക്കില്ല. ചൈനീസ് റോബോട്ടിക്‌സ് കമ്പനിയായ ലോഗോണ്‍ ടെക്‌നോളജിയാണ് ഈ ഉരുണ്ട റോബോട്ടിനെ നിര്‍മിച്ചിരിക്കുന്നത്. മനുഷ്യന്‍മാര്‍ക്ക് കടന്നു ചെല്ലാന്‍ സാധിക്കാത്ത അപകടകരമായ പ്രദേശങ്ങളിലും ഇവക്ക് ചെല്ലാന്‍ കഴിയും. വെള്ളത്തില്‍ ചാടി രക്ഷപ്പെടുന്നവരെ ഇത് നീന്തിയും പിന്തുടരും.

ചൈനയിലെ നിരവധി നഗരങ്ങളില്‍ ഈ പോലിസ് റോബോട്ടിനെ വിന്യസിച്ചിരിക്കുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. പ്രതിഷേധക്കാര്‍ക്കെതിരേ ടിയര്‍ ഗ്യാസും വലത്തോക്കും ഉപയോഗിക്കാന്‍ ഇവക്ക് കഴിയും. കൂടാതെ ആളുകളെ പിരിച്ചുവിടാന്‍ ശബ്ദ തരംഗ സംവിധാനവും മുന്നറിയിപ്പ് നല്‍കാന്‍ ലൗഡ്‌സ്പീക്കറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Similar News