
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഏഴു ദിവസം മുമ്പ് 63കാരന്‍ മരിച്ചത് കോളറ ബാധിച്ചെന്ന് ആരോഗ്യവകുപ്പ്. കവടിയാര്‍ മുട്ടട സ്വദേശിയാണ് കഴിഞ്ഞ 20ന് മരിച്ചത്. പനി, ഛര്‍ദി തുടങ്ങിയ പ്രയാസങ്ങളോടെയായിരുന്നു മുട്ടട സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സമീപ കാലത്ത് ഇദ്ദേഹം ദീര്‍ഘദൂര യാത്രകള്‍ നടത്തിയതിന്റെ വിവരങ്ങള്‍ ലഭ്യമല്ല. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് ഇദ്ദേഹം യാത്രനടത്തിയിട്ടുള്ളത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കോ അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ മറ്റുള്ളവര്‍ക്കോ രോഗ ലക്ഷണങ്ങള്‍ ഇല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചു.
അനാഥരും ഭിന്നശേഷിക്കാരുമായവരെ പാര്‍പ്പിക്കുന്ന നെയ്യാറ്റിന്‍കരയിലുള്ള ഒരു സ്ഥാപനത്തില്‍ കഴിഞ്ഞ വര്‍ഷം കോളറ വ്യാപനം സ്ഥിരീകരിച്ചിരുന്നു. 2016ലും കേരളത്തില്‍ കോളറ മരണം സ്ഥിരീകരിച്ചിരുന്നു. നിര്‍മാര്‍ജനം ചെയ്യപ്പെട്ടു എന്ന പറയപ്പെടുന്ന കോളറ വ്യാപനം ഉണ്ടാകുന്നത് മലിനമായ ആഹാരത്തിലൂടെയും വെള്ളത്തിലൂടെയുമാണ്. മരണകാരണം കോളറയാണെന്ന ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തിനു പിന്നാലെ പ്രദേശത്തെ ജല സാമ്പിളുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.