സിനിമാ കോണ്‍ക്ലേവ്: പാര്‍വതിക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

Update: 2024-08-22 11:52 GMT

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപോര്‍ട്ടിനു പിന്നാലെ കോണ്‍ക്ലേവ് നടത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ വിമര്‍ശിച്ച നടി പാര്‍വതി തിരുവോത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തുന്നുവെന്ന പാര്‍വതിയുടെ ആരോപണം തെറ്റിദ്ധാരണ മൂലമാണെന്നും കോണ്‍ക്ലേവ് ഹേമാ കമ്മിറ്റി റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഉള്ളതല്ലെന്നും മന്ത്രി പറഞ്ഞു. സിനിമാ കോണ്‍ക്ലേവ് നവംബര്‍ അവസാനം കൊച്ചിയില്‍ നടക്കും. അവിടെ ഹേമാ കമ്മിറ്റി റിപോര്‍ട്ട് മാത്രമല്ല ചര്‍ച്ച ചെയ്യുക. സിനിമാ മേഖലയിലെ ഭാവി നയം രൂപീകരിക്കാനാണ് ദേശീയ കോണ്‍ക്ലേവ് നടത്തുന്നത്. വിവിധ സംഘടനാപ്രതിനിധികള്‍ പങ്കെടുക്കും. എന്നാല്‍, വിഷയത്തില്‍ തെറ്റിദ്ധാരണ പടര്‍ത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ഹേമാ കമ്മിറ്റി റിപോര്‍ട്ടിന്‍മേല്‍ കോടതി പറഞ്ഞാല്‍ കേസെടുക്കാം. മാത്രമല്ല, കോടതി ആവശ്യപ്പെടുന്ന എല്ലാ രേഖകളും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹേമാ കമ്മിറ്റി റിപോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവമേറിയതാണെന്നും പരാതി ലഭിക്കാതെയും നടപടിയെടുക്കാമെന്നുമുള്ള മന്ത്രി കെ എന്‍ ബാലഗോപാലിന്റെ പരാമര്‍ശത്തെ പോസിറ്റീവായാണ് കാണുന്നതെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News