ഗോവധം, പൗരത്വ നിയമം: സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ച് നിലപാട് മാറ്റി ബിജെപി
സിഎഎ, ഗോവധം തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കനുസരിച്ച് നിലപാടു മാറ്റി ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുകയാണ് ബിജെപി.
ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിക്കൊപ്പം പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, കേരളം എന്നീ സംസ്ഥാനങ്ങള്‍. നിലവില്‍ അസം ഭരിക്കുന്ന ബിജെപി ബാക്കിയിടങ്ങളില്‍ വന്‍മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി കേട്ടുകേള്‍വിയില്ലാത്ത തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് പാര്‍ട്ടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
എന്നാല്‍ സിഎഎ, ഗോവധം തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കനുസരിച്ച് നിലപാടു മാറ്റി ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. ബംഗാളിലും കേരളത്തിലും പൗരത്വ നിയമം നടപ്പിലാക്കുമെന്ന് ഓരിയിടുന്ന ബിജെപി അസമില്‍ എത്തുമ്പോള്‍ ഇക്കാര്യത്തില്‍ തികഞ്ഞ മൗനം പാലിക്കുകയാണ്. പ്രകടനപത്രികയില്‍ പൗരത്വ നിയമത്തെ കുറിച്ച് പരാമര്‍ശിക്കാന്‍ പോലും ബിജെപി തയ്യാറായിട്ടില്ല.
പൗരത്വ നിയമത്തിനെതിരായി വന്‍ പ്രതിഷേധം അരങ്ങേറിയ സംസ്ഥാനമാണ് ബിജെപി. ഗോവധ വിഷയത്തിലും സമാനമാണ് ബിജെപി നിലപാട്. തമിഴ്‌നാട്ടില്‍ ഗോവധം നടപ്പിലാക്കുമെന്ന് പറയുന്ന ബിജെപി കേരളത്തിലെത്തുമ്പോള്‍ അക്കാര്യം മുന്നോട്ട് കൊണ്ടുവരാന്‍ മടിക്കുകയാണ്.
കശാപ്പ് നിരോധിക്കുമെന്നും ഇറച്ചിക്ക് കേരളം ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് പശുക്കളെ കയറ്റി അയക്കുന്നത് അവസാനിപ്പിക്കുമെന്നാണ് അണ്ണാ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ മത്സരിക്കുന്ന ബിജെപി തങ്ങളുടെ പ്രകടന പത്രികയില്‍ പ്രധാന വാഗ്ദാനമായി നല്‍കിയിരിക്കുന്നത്.
2016ലെ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നടത്തിയ സര്‍വേ പ്രകാരം തമിഴ്‌നാട്ടിലേയും കേരളത്തിലേയും 97 ശതമാനം പേരും മാംസാഹാരികളാണ്. എന്നാല്‍ ബീഫ് കഴിക്കുന്നവരുടെ എണ്ണം പരിശോധിക്കുമ്പോള്‍ രണ്ട് സംസ്ഥാനങ്ങളുടെ കാര്യത്തിലും വലിയ അന്തരമുണ്ട്. 2011-12 ലെ ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസ് (എന്‍എസ്എസ്ഒ) സര്‍വേ പ്രകാരം തമിഴ്‌നാടിനേക്കാള്‍ രണ്ട് ഇരട്ടിയിലേറെ ജനങ്ങള്‍ കേരളത്തിലുള്ളവരില്‍ ബീഫ് കഴിക്കും.