
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനല്‍മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും വെള്ളിയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അഞ്ചുദിവസത്തേക്കുള്ള മഴസാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, ആറു ജില്ലകളില്‍ ഉയര്‍ന്ന താപനിലയുമായി ബന്ധപ്പെട്ട യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്.കോഴിക്കോട് ജില്ലയില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.