വഖഫ് ബോര്‍ഡ് നിയമനം: സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിടുന്നതിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, ഉമര്‍ ഫൈസി മുക്കം, അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരെ മുസ്‌ലിം കോര്‍ഡിനേഷന്‍ സംയുക്ത പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. പള്ളികളില്‍ ബോധവത്കരണം നടത്തുന്നത് അടക്കമുള്ള പരിപാടികള്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് സമസ്തയെ മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ സമസ്ത പള്ളികളില്‍ ബോധവത്കരണം നടത്തുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു.
അതേസമയം വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിലാണ് സമസ്ത. ഇത് അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധം തുടരുമെന്നും സമസ്ത വ്യക്തമാക്കിയിരുന്നു. മുസ്‌ലിം സംഘടനകള്‍ യോജിച്ച് പ്രക്ഷോഭത്തിനിറങ്ങിയതോടെയാണ് മുഖ്യമന്ത്രി ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന നിലപാടിലേക്കെത്തിയത്.