എന്‍ഡിഎ ബന്ധത്തെ ചൊല്ലി ജെഡിഎസില്‍ പൊട്ടിത്തെറി; സി എം ഇബ്രാഹീമിനെ പുറത്താക്കി
ബെംഗളൂരു: കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് എന്‍ഡിഎയുടെ സഖ്യകക്ഷിയാവാനുള്ള തീരുമാനത്തെ ചൊല്ലി പൊട്ടിത്തെറി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ സി എം ഇബ്രാഹീമിനെ പുറത്താക്കി. ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി. എച്ച് ഡി കുമാരസ്വാമിയെ പാര്‍ട്ടിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായും നിയമിച്ചു.
ജെഡിഎസ് എന്‍ഡിഎയില്‍ ചേരില്ലെന്നു സി.എം.ഇബ്രാഹിം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജെഡിഎസ്എന്‍ഡിഎ സഖ്യം പ്രഖ്യാപിച്ച ദേശീയ അധ്യക്ഷന്റെ തീരുമാനത്തെ തള്ളിയായിരുന്നു സി.എം.ഇബ്രാഹിമിന്റെ പ്രസ്താവന. ഇതിനു പിന്നാലെയാണു പുറത്താക്കല്‍. മതേതരമായി നിലകൊളളുന്നതിനാല്‍ ജെഡിഎസിലെ തന്റെ വിഭാഗമാണു ഒറിജിനലെന്നും താന്‍ സംസ്ഥാന അധ്യക്ഷനായതിനാല്‍ കര്‍ണാടകയിലെ ജെഡിഎസിന്റെ കാര്യത്തില്‍ തനിക്കു തീരുമാനം എടുക്കാന്‍ കഴിയുമെന്നുമാണ് ഇബ്രാഹിം പറഞ്ഞത്. ബിജെപിയുമായുള്ള ബന്ധത്തിന് അനുമതി കൊടുക്കരുതെന്നും നിരവധി പേരാണു ഇതിനോടകം പാര്‍ട്ടി വിട്ടതെന്നും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവെഗൗഡയോട് ഇബ്രാഹിം പറഞ്ഞിരുന്നു.