അകമ്പടി വാഹനങ്ങള്‍ പകുതിയാക്കി, ഗതാഗതം നിര്‍ത്തിവയ്ക്കില്ല; ജനക്ഷേമ പ്രഖ്യാപനവുമായി മുഖ്യമന്ത്രി സ്റ്റാലിന്‍

വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം 12ല്‍നിന്ന് ആറായി കുറയ്ക്കും. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലും പിറകിലുമായി രണ്ട് പൈലറ്റ് വാഹനങ്ങള്‍, മൂന്ന് അകമ്പടി വാഹനങ്ങള്‍, ഒരു ജാമര്‍ വാഹനം എന്നിവയാണ് ഇനി മുതല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടാവുക.

Update: 2021-10-10 06:03 GMT

ചെന്നൈ: അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ നിര്‍ദേശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയാക്കാനാണ് തീരുമാനം. അസൗകര്യവും ട്രാഫിക് നിയന്ത്രണങ്ങള്‍ മൂലവും ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് നിര്‍ണായക പ്രഖ്യാപനം. വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം 12ല്‍നിന്ന് ആറായി കുറയ്ക്കും. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലും പിറകിലുമായി രണ്ട് പൈലറ്റ് വാഹനങ്ങള്‍, മൂന്ന് അകമ്പടി വാഹനങ്ങള്‍, ഒരു ജാമര്‍ വാഹനം എന്നിവയാണ് ഇനി മുതല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടാവുക.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോവാനായി ഇനി മുതല്‍ ഗതാഗതം നിര്‍ത്തിവയ്ക്കില്ല. വാഹനവ്യൂഹം മൂലം പൊതുജനങ്ങള്‍ക്കുണ്ടാവുന്ന അസൗകര്യങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് തമിഴ്‌നാട് ചീഫ് സെക്രട്ടറി വി ഇരൈയന്‍മ്പ്, അഡീഷനല്‍ ചീഫ് സെക്രട്ടറി എസ് കെ പ്രഭാകര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് (ഡിജിപി) സി ശൈലേന്ദ്ര ബാബു, അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് ഡേവിഡ്‌സണ്‍ ദേവസീര്‍വതം എന്നിവര്‍ പങ്കെടുത്ത അവലോകന യോഗത്തിലാണ് സുരക്ഷാ പ്രോട്ടോക്കോള്‍ സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

പൊതുജനങ്ങളുടെ വാഹനഗതാഗതത്തെ ബാധിക്കാതെ തന്നെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോവുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യവും ചര്‍ച്ചയായി. സ്റ്റാലിന് നിലവില്‍ ഇസഡ്പ്ലസ് സുരക്ഷ നല്‍കിയിട്ടുണ്ട്. നേരത്തെ വാഹനവ്യൂഹം കടന്നുപോവുന്നതിനായി ഗതാഗതം തടസ്സപ്പടുത്തരുതെന്ന് സ്റ്റാലിന്‍ പോലിസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാലിത് പോലിസ് കര്‍ശനമായി പാലിച്ചിരുന്നില്ല.

പ്രോട്ടോക്കോള്‍ അനുസരിച്ച് വാഹനവ്യൂഹവും സുരക്ഷയും നല്‍കാനും എന്നാല്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് കുറയ്ക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നേരത്തെ, മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കടേശ് ട്രാഫിക് കുരുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിരുന്നു. സംഭവത്തില്‍ ക്ഷമ പറഞ്ഞ ആഭ്യന്തര സെക്രട്ടറി ഇത്തരം സംഭവം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പും നല്‍കിയിരുന്നു.

Tags:    

Similar News