മിശ്രവിവാഹവും ലിവിങ് ടുഗെതറും സാര്‍വത്രികമാക്കി മതരഹിത തലമുറയെ സൃഷ്ടിക്കാനാണ് കമ്മ്യൂണിസത്തിന്റെ ശ്രമം: സമസ്ത നേതാവ് ബഹാഉദ്ദീന്‍ നദ്‌വി
ലോകത്ത് കമ്യൂണിസ്റ്റുകള്‍ അധികാരം കൈയടക്കിയ പ്രദേശങ്ങളിലെ ചരിത്രവും വര്‍ത്തമാനവും വിലയിരുത്തിയാല്‍ ഇക്കാര്യം ബോധ്യപ്പെടുന്നതുമാണ്. വിഷയം രാഷ്ട്രീയവല്‍കരിക്കാനും ഭരണവിരുദ്ധ നീക്കങ്ങളായി ദുര്‍വ്യാഖ്യാനം ചെയ്യാനുമാണ് ചിലരുടെ ശ്രമങ്ങള്‍.
കോഴിക്കോട്: മിശ്രവിവാഹവും ലിവിങ് ടുഗെതറും സാര്‍വത്രികമാക്കി മതരഹിത തലമുറയെ സൃഷ്ടിക്കാനാണ് കമ്മ്യൂണിസത്തിന്റെയും യുക്തിവാദികളുടെയും ശ്രമമെന്ന് സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ വിമര്‍ശനം. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കമ്മ്യൂണിസത്തെയും നിരീശ്വരവാദത്തെയും നിശിതമായി വിമര്‍ശിച്ച് സമസ്ത നേതാവ് രംഗത്തെത്തിയിരിക്കുന്നത്. കമ്മ്യൂണിസത്തിന്റെയും യുക്തിവാദികളുടെയും ബോധപൂര്‍വ ശ്രമങ്ങളെ ഗൗരവത്തോടെ തന്നെ കാണണമെന്ന് അദ്ദേഹം കുറിക്കുന്നു. മതനിരാസം വളര്‍ത്താനുമുള്ള ആസൂത്രിത നീക്കങ്ങളെ തിരിച്ചറിയണമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്ത് കമ്മ്യൂണിസ്റ്റുകള്‍ അധികാരം കൈയടക്കിയ പ്രദേശങ്ങളിലെ ചരിത്രവും വര്‍ത്തമാനവും വിലയിരുത്തിയാല്‍ ഇക്കാര്യം ബോധ്യപ്പെടുന്നതാണെന്നു ബഹാവുദ്ദീന്‍ നദ് വി പറയുന്നു. ഇസ്‌ലാം അഭിമുഖീകരിക്കുന്ന കാലാനുസൃത വെല്ലുവിളികള്‍ അതിജയിക്കാനുള്ള നീക്കങ്ങളാണ് എക്കാലത്തും പണ്ഡിതരില്‍ നിന്നുണ്ടാകേണ്ടത്.
എന്നാല്‍, വിഷയം രാഷ്ട്രീയവല്‍കരിക്കാനും ഭരണവിരുദ്ധ നീക്കങ്ങളായി ദുര്‍വ്യാഖ്യാനം ചെയ്യാനുമാണ് ചിലരുടെ ശ്രമങ്ങള്‍. ബഹാഉദ്ദീന്‍ നദ്‌വി ആരോപിച്ചു. കേരളീയ മുസ്‌ലിംകളുടെ മതരാഷ്ട്രീയ ഇടങ്ങളെ ജീവസ്സുറ്റതാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സയ്യിദ് അലവി മൗലദ്ദവീല തങ്ങള്‍ കമ്മ്യൂണിസം പിറവിയെടുക്കുന്നതിനു മുന്‍പേ അതിന്റെ ഭവിഷ്യത്തുകള്‍ സംബന്ധിച്ച് സമൂഹത്തെ ഉണര്‍ത്തിയിട്ടുണ്ട്. മമ്പുറം തങ്ങളുടെ ആത്മീയത്തണലില്‍ കഴിയുന്നവര്‍ അദ്ദേഹത്തിന്റെ അര്‍ഥഗംഭീരമായ പ്രവചനങ്ങളുടെ ഗൗരവം പുതിയ തലമുറയെ ഉണര്‍ത്തിക്കൊണ്ടിരിക്കുക എന്ന പണ്ഡിത ദൗത്യമാണിപ്പോള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. അല്‍പജ്ഞാനികളുടെയും സ്വാര്‍ഥംഭരികളുടെയും വിവരദോഷികളുടെയും മന്ത്രങ്ങള്‍ക്കു ചെവിനല്‍കാതെ പണ്ഡിതര്‍ ദൗത്യനിര്‍വഹണത്തില്‍ മാത്രം നിരതരായാല്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:- മിശ്രവിവാഹവും ലിവിങ് ടുഗെതറും സാര്‍വത്രികമാക്കാനും അതുവഴി മതരഹിത തലമുറയെ സൃഷ്ടിച്ചെടുക്കാനുമുള്ള കമ്യൂണിസത്തിന്റെയും യുക്തിവാദികളുടെയും ബോധപൂര്‍വ ശ്രമങ്ങളെ നാം ഗൗരവതരമായി തന്നെ കാണേണ്ടതുണ്ട്. കേവലം ഭരണകര്‍ത്താക്കളായി കളം നിറയുക എന്നതിലപ്പുറം തങ്ങള്‍ വിഭാവനം ചെയ്യുന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനും വളയമില്ലാതെ ചാടുന്നതിനും മത നിരാസം വളര്‍ത്തുന്നതിനുമുള്ള അവരുടെ ആസൂത്രിത നീക്കങ്ങളെ നാം തിരിച്ചറിയാതെ പോകരുത്. ലോകത്ത് കമ്യൂണിസ്റ്റുകള്‍ അധികാരം കൈയടക്കിയ പ്രദേശങ്ങളിലെ ചരിത്രവും വര്‍ത്തമാനവും വിലയിരുത്തിയാല്‍ ഇക്കാര്യം സുതരാം ബോധ്യപ്പെടുന്നതുമാണ്. കേരളീയ മുസ്‌ലിംകളുടെ മതരാഷ്ട്രീയ ഇടങ്ങളെ ജീവസ്സുറ്റതാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങള്‍ കമ്യൂണിസം പിറവിയെടുക്കുന്നതിനു മുന്‍പേ അതിന്റെ ഭവിഷ്യത്തുകള്‍ സംബന്ധിച്ച് രണ്ട് നൂറ്റാണ്ട് മുന്‍പ് സമൂഹത്തെ ഉണര്‍ത്തി. ഇക്കാര്യം തന്റെ ശിഷ്യന്‍ അവുക്കോയ മുസ്‌ല്യാരെ പ്രത്യേകം ബോധ്യപ്പെടുത്തുകയും വരും തലമുറക്ക് പാഠമാകാന്‍ പള്ളി മിഹ്‌റാബില്‍ എഴുതി വെക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
മമ്പുറം തങ്ങളുടെ ആത്മീയ തണലില്‍ കഴിയുന്നവര്‍ അദ്ദേഹത്തിന്റെ അര്‍ഥ ഗംഭീരമായ പ്രവചനങ്ങളുടെ ഗൗരവം പുതിയ തലമുറയെ ഉണര്‍ത്തിക്കൊണ്ടിരിക്കുക എന്ന പണ്ഡിത ദൗത്യമാണിപ്പോള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഔലിയാഇന്റെ അഭിലാഷങ്ങള്‍ക്ക് ഇവ്വിധം സാക്ഷാല്‍ക്കാരമൊരുക്കുകയാണ് സര്‍വശക്തന്‍. ഇസ്‌ലാം അഭിമുഖീകരിക്കുന്ന കാലാനുസൃത വെല്ലുവിളികള്‍ അതിജയിക്കാനുള്ള നീക്കങ്ങളാണ് എക്കാലത്തും പണ്ഡിതരില്‍ നിന്നുണ്ടാകേണ്ടത്. എന്നാല്‍, വിഷയം രാഷ്ട്രീയവല്‍കരിക്കാനും ഭരണവിരുദ്ധ നീക്കങ്ങളായി ദുര്‍വ്യാഖ്യാനം ചെയ്യാനുമാണ് ചിലരുടെ ശ്രമങ്ങള്‍. വ്യക്തികേന്ദ്രീകൃത വിമര്‍ശനങ്ങളിലേക്കു വരെ കാര്യങ്ങളെത്തിക്കാന്‍ തല്‍പര കക്ഷികള്‍ പണിയെടുക്കുകയും ഞാണിന്മേല്‍കളി നടത്തുകയും ചെയ്യുന്നു. അല്‍പജ്ഞാനികളുടെയും സ്വാര്‍ഥംഭരികളുടെയും വിവരദോഷികളുടെയും മന്ത്രങ്ങള്‍ക്കു ചെവി നല്‍കാതെ പണ്ഡിതര്‍ ദൗത്യനിര്‍വഹണത്തില്‍ മാത്രം നിരതരായാല്‍ ഒരുപാട് പ്രശ്‌നങ്ങളെ ഇല്ലാതാക്കാം. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പോസ്റ്റില്‍ കുറിക്കുന്നു.