ബൈത്തുല്‍ മുഖദ്ദിസ് സന്ദര്‍ശനത്തിനു പോയ ഏഴംഗ മലയാളിസംഘത്തെ കാണാതായെന്ന് പരാതി
ജോര്‍ദന്‍, ഇസ്രായേല്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്കാണ് സന്ദര്‍ശനം നടത്തിയിരുന്നത്. ബൈത്തുല്‍ മുഖദ്ദിസിലെത്തിയ ശേഷം ഏഴുപേരെ കാണാനില്ലെന്നാണ് ട്രാവല്‍സ് ഉടമകള്‍ പറയുന്നത്. ഇവര്‍ ബോധപൂര്‍വം മുങ്ങിയതാണെന്നും കണ്ടെത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇവരെ കണ്ടെത്താനാവാത്തതിനാല്‍ യാത്രാസംഘത്തിലെ ബാക്കിയുള്ളവരെ ഇസ്രായേലിലെ ടൂര്‍ ഏജന്റ് തടഞ്ഞുവച്ചിരിക്കയാണെന്നും ഇവരെ കണ്ടെത്തിയില്ലെങ്കില്‍ പിഴയായി ഓരോ അംഗത്തിനും 15,000 ഡോളര്‍ വീതം അടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതും ഉടമകള്‍ പറഞ്ഞു. നിശ്ചയിച്ച തിയ്യതി പ്രകാരം നാളെയാണ് സംഘം ഇസ്രായേലില്‍ നിന്ന് തിരിക്കേണ്ടത്. ഹോട്ടലില്‍ നാളെ കൂടി താമസിക്കാനുള്ള അനുവാദം മാത്രമാണുള്ളത്. ടൂര്‍ ഏജന്‍സി യാത്രാസംഘത്തെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായി ട്രാവല്‍സ് ഉടമകള്‍ പോലിസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. സുലൈമാന്‍ എന്നയാളാണ് കാണാതായ ഏഴ് പേര്‍ക്കും വേണ്ടി ഫെഡറല്‍ ബാങ്ക് അടൂര്‍ ശാഖയില്‍ നിന്ന് ഓണ്‍ലൈനായി പണമടച്ചത്. സുലൈമാനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭ്യമാവുന്നില്ലെന്ന് ഗ്രീന്‍ ഒയാസിസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മാനേജിങ് ഡയറക്ടര്‍ ജലീല്‍ മങ്കരത്തൊടി അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ സമാനമായി സംഘടിപ്പിച്ച യാത്രയില്‍ നാലുപേരെ കാണാതായിരുന്നു. അവരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലിസിന് പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.