കലോല്‍സവത്തിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് പരാതി; കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗത്തിനെതിരേ കേസ്
കൊച്ചി: കലോല്‍സവത്തിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗത്തിനെതിരേ പോലിസ് കേസെടുത്തു. കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം പി കെ ബേബിക്കെതിരേയാണ് കളമശ്ശേരി പോലിസ് കേസെടുത്തത്. 2024 ജനുവരിയിലാണ് കുസാറ്റിലെ കലോല്‍സവത്തിനിടെ സ്ത്രീത്വത്തെ അപമാനിച്ചു, മോശമായി പെരുമാറി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. സംഭവശേഷം പെണ്‍കുട്ടി പോലിസില്‍ പരാതി നല്‍കാതെ കോളജ് വിസിയെ സമീപിക്കുകയായിരുന്നു. ഇതോടെ കോളജിലെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി വഴി ആഭ്യന്തര അന്വേഷണം നടത്താന്‍ തീരുമാനിച്ചു. അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞമാസമാണ് പെണ്‍കുട്ടി പരാതിയുമായി പോലിസിനെ സമീപിച്ചത്. സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ ഡയറക്ടറായ പി കെ ബേബിക്ക് നേരത്തേ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥാനക്കയറ്റം നല്‍കിയെന്ന ആരോപണം വിവാദങ്ങള്‍ക്ക് കാരണമാക്കിയിരുന്നു.