കോഴിക്കോട്: കോഴിക്കോട് കലക്ടറേറ്റില്‍ ഉച്ചയ്ക്ക് രണ്ടരയോടെ മുഴങ്ങിക്കേട്ട സൈറണ്‍ ശബ്ദത്തില്‍ ജീവനക്കാര്‍ ഒരു നിമിഷം പകച്ചു. പിന്നാലെ തീപിടിച്ചെന്ന അനൗണ്‍സ്‌മെന്റും. ഇ ബ്ലോക്കിലെ മൂന്നു നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകളിലെ മുഴുവന്‍ ആളുകളെയും ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. നിമിഷങ്ങള്‍ക്കകം അഗ്‌നിരക്ഷാസേനയുടെ ഫസ്റ്റ് റെസ്‌പോണ്‍സ് വെഹിക്കിള്‍, ആംബുലന്‍സ് എന്നിവ രക്ഷാപ്രവര്‍ത്തനത്തിനായി സര്‍വസന്നാഹങ്ങളുമായി സ്ഥലത്തെത്തി.
ഇ ബ്ലോക്കിലെ രണ്ടാം നിലയിലെ തീപിടുത്തില്‍ പുക ശ്വസിച്ചു ബോധരഹിതരായവരെ കണ്ടെത്തി അവര്‍ക്ക് പ്രാഥമികചികിത്സ നല്‍കി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതെല്ലാംകണ്ടു നിന്നവര്‍ക്ക് 'തീപിടിത്തം' മോക്ഡ്രിലാണെന്ന് അറിഞ്ഞതോടെ ഭയം ആശ്വാസത്തിന് വഴിമാറി.
ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെയും അഗ്‌നിരക്ഷാ സേനയുടെയും നേതൃത്വത്തിലാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. കൂടുതല്‍ ജീവനക്കാരുള്ള, കൂടുതല്‍ ആളുകള്‍ എത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില മന്ദിരത്തില്‍ തീപിടിത്തമുണ്ടായാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് അവബോധം നല്‍കുന്നതിനാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. മോക്ഡ്രില്ലിന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഇ അനിതകുമാരി നേതൃത്വം നല്‍കി. ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍ മൂസ വടക്കേതില്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം നടത്തി. പോലീസ്, ആരോഗ്യം, അഗ്‌നിശമന സേന, ആര്‍.ടി.ഒ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ മോക്ഡ്രില്ലില്‍ പങ്കാളികളായി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മോക്ഡ്രില്‍ നടപടികള്‍ വിലയിരുത്തി.