യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്

Update: 2023-12-20 11:47 GMT

തിരുവനന്തപുരം: നവകേരള സദസിനെതിരേ പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലിസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലിസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. പോലിസിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെരിപ്പെറിയുകയും ഷീല്‍ഡ് അടിച്ചുതകര്‍ക്കുകയും ചെയ്തു. വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചു കീറുകയും ചെയ്തു. മണിക്കൂറുകളോളം ഭരണസിരാകേന്ദ്രം തെരുവുയുദ്ധത്തിന്റെ പ്രതീതിയിലായിരുന്നു. പോലിസ് ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു. നിരവധി പോലിസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പോലിസ് വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ത്തു. ബാരിക്കേഡ് മറികടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അകത്ത് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് ബസില്‍ കയറ്റിയെങ്കിലും പോലിസ് വാഹനത്തില്‍ നിന്ന് തിരിച്ചിറക്കി. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോവാത്തതിനെ തുടര്‍ന്ന് പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ആക്രമണസാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലിസ് സേനയെ സെക്രേട്ടറിയറ്റ് പരിസരത്ത് വിന്യസിച്ചിട്ടുണ്ട്.

    പോലിസ്-സിപിഎം അതിക്രമത്തിനെതിരേ സെക്രട്ടേറിയറ്റിന് പുറമെ സംസ്ഥാനത്തെ 564 പോലിസ് സ്‌റ്റേഷനുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. പലയിടത്തും സംഘര്‍ഷാവസ്ഥയുണ്ടായി. കൊച്ചിയില്‍ പോലിസിന്റെ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചവര്‍ക്കു നേരെ മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊച്ചി കമ്മീഷണര്‍ ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ചത്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച്. മലപ്പുറം വണ്ടൂരിലും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘര്‍ഷമുണ്ടായി. വയനാട്ടിലും പാലക്കാട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

Tags:    

Similar News