തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; എം ലിജു ആലപ്പുഴ ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടങ്ങി. ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം എം ലിജു രാജിവച്ചു. ആലപ്പുഴയിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. ആലപ്പുഴയിലെ ഒമ്പത് മണ്ഡലങ്ങളില്‍ എട്ടിടത്തും യുഡിഎഫ് പരാജയപ്പെട്ടിരുന്നു. ഹരിപ്പാട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാത്രമാണ് പിടിച്ചുനിന്നത്.
ആലപ്പുഴ ജില്ലയില്‍ എം ലിജു തന്നെ മല്‍സരിച്ച അമ്പലപ്പുഴയില്‍ 11,125 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാര്‍ഥി എച്ച് സലാം വിജയിച്ചത്. 2016 ലെ തിരഞ്ഞെടുപ്പിലും ഹരിപ്പാട് മാത്രമായിരുന്നു കോണ്‍ഗ്രസിന് കിട്ടിയത്. എന്നാല്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആരിഫ് ജയിച്ചതിനെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ ജയിച്ചിരുന്നു. ഇക്കുറി അരൂര്‍ വീണ്ടും ഇടതിന്റെ കൈയിലെത്തി. കായംകുളത്ത് യുവ നേതാവ് അരിതാ ബാബു പരാജയപ്പെട്ടതും കോണ്‍ഗ്രസിന് തിരിച്ചടിയായി.
വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി എം ജി ബിജുവും രാജിവച്ചിട്ടുണ്ട്. സതീശന്‍ പാച്ചേനിയും രാജി സന്നദ്ധത അറിയിച്ചിരിക്കുകയാണ്. മാനന്തവാടിയില്‍ പി കെ ജയലക്ഷ്മിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്താണ് എം ജി ബിജുവിന്റെ രാജി. മാനന്തവാടി മണ്ഡലത്തിന്റെ ചുമതല എം ജി ബിജുവിനായിരുന്നു.