മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്‍ഡ്യ മുന്നണി അധ്യക്ഷന്‍

Update: 2024-01-13 09:39 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇന്‍ഡ്യ മുന്നണിയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തു. ശനിയാഴ്ച 14 പ്രധാന പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. നേരത്തേ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഖാര്‍ഗെയുടെ പേര് ഉയര്‍ന്നുവന്നപ്പോള്‍ എതിര്‍പ്പറിയിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇത്തവണ മുന്നണി അധ്യക്ഷ സ്ഥാനത്തേക്ക് ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ചതെന്നാണ് റിപോര്‍ട്ട്. കോണ്‍ഗ്രസില്‍ നിന്നുതന്നെ ചെയര്‍പേഴ്‌സണ്‍ വരണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മുന്നണിയുടെ കണ്‍വീനറാവാന്‍ നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതായാണ് റിപോര്‍ട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് ഇന്‍ഡ്യ മുന്നണി നേതാക്കള്‍ ശനിയാഴ്ച നിര്‍ണായകയോഗം ചേര്‍ന്നത്. സീറ്റ് വിഭജന ചര്‍ച്ചകളില്‍ മുന്നണിയിലെ ഘടകകക്ഷികളോട് വിട്ടുവീഴ്ച ചെയ്യാന്‍ കോണ്‍ഗ്രസില്‍ നേരത്തേ ധാരണയായിരുന്നു. ഇന്നത്തെ ഓണ്‍ലൈന്‍ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ പങ്കെടുത്തിരുന്നില്ല. ഇവരെ തീരുമാനങ്ങള്‍ അറിയിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയുള്ളതിനാല്‍ പങ്കെടുക്കാനാവില്ലെന്ന് നേരത്തെ മമത നേതൃത്വത്തെ അറിയിച്ചിരുന്നു. യോഗം അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന നിര്‍ദേശം തൃണമൂല്‍ മുന്നോട്ടുവച്ചിരുന്നെങ്കിലും മറ്റ് പാര്‍ട്ടികള്‍ അസൗകര്യം അറിയിച്ചതിനാലാണ് ഇന്നുതന്നെ നടത്തിയത്.

Tags:    

Similar News