'ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം വരയ്ക്കുക' ; മണിപ്പൂരിൽ പ്ലസ്ടു പരീക്ഷാ ചോദ്യം

ശനിയാഴ്ച നടന്ന ബോർഡ് പരീക്ഷയുടെ പൊളിറ്റിക്കൽ സയൻസ് പേപ്പറിലാണ് വിവാദ ചോദ്യങ്ങൾ വന്നത്.

Update: 2020-02-25 01:41 GMT

ഇംഫാൽ: ഭരണകക്ഷിയായ ബിജെപിയുടെ വോട്ടെടുപ്പ് ചിഹ്നം വരയ്ക്കാനുള്ള മണിപ്പൂരിലെ പ്ലസ്ടു പരീക്ഷാ ചോദ്യം ചർച്ചയാകുന്നു. സംസ്ഥാന ബോർഡ് പരീക്ഷയിലെ ചോദ്യങ്ങൾക്കെതിരേ പ്രതിപക്ഷമായ കോൺഗ്രസ് രം​ഗത്തുവന്നു. പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ നാല് മോശം സ്വഭാവ വിശേഷങ്ങൾ വിശകലനം ചെയ്ത് എഴുതാനുമുള്ള ചോദ്യവുമുണ്ടായിരുന്നു.

ശനിയാഴ്ച നടന്ന ബോർഡ് പരീക്ഷയുടെ പൊളിറ്റിക്കൽ സയൻസ് പേപ്പറിലാണ് വിവാദ ചോദ്യങ്ങൾ വന്നത്. ഇതിൽ തങ്ങൾക്ക് പങ്കില്ലെന്നും ബന്ധപ്പെട്ട അധികാരികളോട് ഇതേക്കുറിച്ച് ചോദിക്കണമെന്നും ബിജെപി തിങ്കളാഴ്ച വ്യക്തമാക്കി. വിദ്യാർഥികൾക്കിടയിൽ പ്രത്യേക രാഷ്ട്രീയ മനോഭാവം വളർത്താനുള്ള ശ്രമമാണ് ഈ ചോദ്യങ്ങളെന്ന് കോൺഗ്രസ് നേതാവ് ജോയ്കിഷൻ പറഞ്ഞു.

പൊളിറ്റിക്കൽ സയൻസ് സിലബസിന്റെ ഭാഗമായ "പാർട്ടി സിസ്റ്റം ഇൻ ഇന്ത്യ" എന്ന അധ്യായത്തിൽ നിന്നാണ് ഈ ചോദ്യങ്ങൾ വന്നതെന്ന് കൗൺസിൽ ഓഫ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ ചെയർമാൻ എൽ മഹേന്ദ്ര സിങ് പറഞ്ഞു. മുമ്പും സമാനമായ ചോദ്യങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെന്നും അതിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) യുടെ ചിഹ്നവും ഐക്യരാഷ്ട്രസഭയുടെ (യുഎൻ) ലോഗോ വരയ്ക്കാനും വിദ്യാർഥികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻഡിടിവി റിപോർട്ട് ചെയ്യുന്നു.

Tags: