മംഗളൂരു: ബിജെപി ഭരണം തൂത്തെറിഞ്ഞ കര്‍ണാടകയില്‍ മലയാളിയായ യു എ ഖാദര്‍ നിയമസഭ സ്പീക്കറായേക്കും. കാസര്‍കോട് ഉപ്പള പള്ളത്ത് കുടുംബാംഗവും മംഗളൂരു മണ്ഡലം എംഎല്‍എയുമായ യു ടി ഖാദറിനെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. ഇന്ന് രാവിലെ 10ന് ശേഷം പത്രിക സമര്‍പ്പിക്കും. കോണ്‍ഗ്രസ് കര്‍ണാടക ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജെവാലയും കെ.സി. വേണുഗോപാലും ഖാദറുമായി സംസാരിച്ച ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്നാണ് റിപോര്‍ട്ട്. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ കര്‍ണാടകയില്‍ നിന്നുള്ള ആദ്യ മുസ് ലിം സ്പീക്കറായി യു ടി ഖാദര്‍ മാറും. രണ്ടു തവണ ഉള്ളാള്‍ മണ്ഡലം എംഎല്‍എയായിരുന്ന പിതാവ് യു ടി ഫരീദ് മരണപ്പെട്ടതിനെ തുടര്‍ന്ന് 2007ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മകന്‍ ഖാദര്‍ ആദ്യമായി എംഎല്‍എയായത്. തുടര്‍ന്ന് എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. നിയമ ബിരുദധാരിയായ ഖാദര്‍ 2013ലെ സിദ്ധരാമയ്യ മന്ത്രിസഭയില്‍ അംഗമായിരുന്നു.