'മുസ് ലിം വിരുദ്ധ വിദ്വേഷ പ്രചാരണം തടയണം'; യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഫേസ്ബുക്കിന് കത്തയച്ചു
മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള വിദ്വേഷത്തെയും അക്രമത്തെയും ഫലപ്രദമായി അഭിസംബോധന ചെയ്യാനുള്ള ഇച്ഛാശക്തി ഫേസ്ബുക്കിന് ഇല്ലെന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു.
വാഷിംഗ്ടണ്‍: മുസ് ലിംകളെ ലക്ഷ്യമിട്ടുള്ള വിദ്വേഷവും അക്രമവും തടയാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 30 യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഫേസ്ബുക്കിന് കത്തയച്ചു. യുഎസ് കോണ്‍ഗ്രസിലെ 30 ഡെമോക്രാറ്റിക് അംഗങ്ങളാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ മുസ്‌ലിം വിരുദ്ധ 'വംശീയത' പ്രചരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക അറിയിച്ചത്. നിരവധി രാജ്യങ്ങളില്‍ അരങ്ങേറുന്ന മുസ്‌ലിം വിരുദ്ധ നീക്കങ്ങള്‍ തടയാന്‍ നടപടി എടുക്കണമെന്നും അംഗങ്ങള്‍ ഫേസ്ബുക്കിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷം വളര്‍ത്താന്‍ ഫേസ്ബുക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും ചില സന്ദര്‍ഭങ്ങളില്‍ അക്രമത്തിനും കൊലപാതകത്തിനും വരെ ഇത് കാരണമായിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ന്യൂസ്‌ലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ച് വെടിവയ്പ്പും റോഹിങ്ക്യന്‍ മുസ് ലിംകള്‍ക്കെതിരായ മ്യാന്‍മാറിലെ വംശീയ ആക്രമണങ്ങളും ഇതിന് ഉദാഹരണമാണെന്ന് കാംപയിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് വനിതാ അംഗം ഡെബി ഡിംഗല്‍ പറഞ്ഞു.
വിദ്വേഷം പ്രചരിപ്പിക്കുന്ന പേജുകളും സംഭവങ്ങളും ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഫേസ്ബുക്കിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണവും നടപടികളും വൈകിയതായും പലപ്പോഴും അവഗണിക്കപ്പെട്ടതായും അവര്‍ പറഞ്ഞു.
മുസ്‌ലിം വിരുദ്ധ വര്‍ഗീയത പ്രചരിപ്പിക്കുന്ന വിദ്വേഷ ഗ്രൂപ്പുകളെ അഭിസംബോധന ചെയ്യുന്ന ഒരു വര്‍ക്കിംഗ് ഗ്രൂപ്പ് സൃഷ്ടിക്കണം. 'മുസ്‌ലിം വിരുദ്ധ അക്രമം, വംശീയ നീക്കങ്ങള്‍, വിദ്വേഷ പ്രചാരണം എന്നിവ തടയുന്നതിന് ഫേസ്ബുക്കിനെ മൂന്നാം കക്ഷി അവലോകനത്തിന് വിധേയമാക്കുക ഉള്‍പ്പെടെ നിരവധി ആവശ്യങ്ങളാണ് കത്തിലുള്ളത്.
പൗരാവകാശ പ്രശ്‌നങ്ങളില്‍ ജീവനക്കാരെ പരിശീലിപ്പിക്കാനും മുസ്‌ലിംകളോടുള്ള വിദ്വേഷ ഉള്ളടക്കം നിര്‍ണയിക്കാനും ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടു.
മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള വിദ്വേഷത്തെയും അക്രമത്തെയും ഫലപ്രദമായി അഭിസംബോധന ചെയ്യാനുള്ള ഇച്ഛാശക്തി ഫേസ്ബുക്കിന് ഇല്ലെന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു.
ഫേസ്ബുക്കിലൂടെ വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതില്‍ ഫെയ്‌സ്ബുക്കിന്റെ പരാജയം മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇത് പലപ്പോഴും മുസ്‌ലിം വിരുദ്ധ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ കാരണമായിട്ടുണ്ട്, പ്രത്യേകിച്ച് മ്യാന്‍മര്‍, ന്യൂസിലന്‍ഡ്, ഇന്ത്യ എന്നിവിടങ്ങളില്‍.
ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇന്ത്യയുടെ വിദ്വേഷ ഗ്രൂപ്പുകളായ ബജ്‌റംഗ്ദള്‍ പോലുള്ളവയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് നയങ്ങള്‍ മയപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്നു. വാള്‍സ്ട്രീറ്റ് ജേണലിന്റെ അടുത്തിടെ വന്ന ഒരു റിപ്പോര്‍ട്ടില്‍, ബജ്‌റംഗ്ദളിനെ സാമൂഹിക മാധ്യമങ്ങളിലെ 'അപകടകരമായ സംഘടന' എന്ന് തരംതിരിക്കാന്‍ ഫേസ്ബുക്ക് ഇന്ത്യ വിസമ്മതിച്ചു. ഇത് കമ്പനിയുടെ ജീവനക്കാര്‍ക്കെതിരെ ശാരീരിക ആക്രമണങ്ങള്‍ സൃഷ്ടിക്കുമെന്നും അവരുടെ ബിസിനസ്സ് സാധ്യതകളെ ദോഷകരമായി ബാധിക്കുമെന്നും പറഞ്ഞു.
റോഹിംഗ്യന്‍ മുസ്‌ലിം ജനതയ്‌ക്കെതിരെ വംശീയ ഉന്മൂലനം നടത്താന്‍ മ്യാന്‍മര്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ടെന്ന് കാണിക്കുന്ന റിപ്പോര്‍ട്ടുകള്‍ 2018 ല്‍ പുറത്തുവന്നിരുന്നു. മ്യാന്‍മറില്‍ അക്രമത്തിന് പ്രേരിപ്പിക്കുന്നതിനായി തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് 2018 നവംബറില്‍ ഫേസ്ബുക്ക് സമ്മതിച്ചു.
2019 ല്‍ ന്യൂസിലാന്റില്‍ 51 മുസ് ലിം വിശ്വാസികളെ കൊന്ന തോക്കുധാരി തന്റെ വെടിവയ്പ്പ് 17 മിനിറ്റ് ഫേസ്ബുക്ക് ലൈവില്‍ പ്രക്ഷേപണം ചെയ്തിരുന്നു.