കോണ്‍ഗ്രസ്സിന്റെ ഒമ്പതാംഘട്ട പട്ടികയിലും വയനാടും വടകരയുമില്ല
സൗത്ത് ബംഗളൂരുവില്‍ ബി കെ ഹരിപ്രസാദും, ശിവഗംഗയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും മല്‍സരിക്കും.
ന്യൂഡല്‍ഹി: ബീഹാര്‍, ജമ്മു കശ്മീര്‍, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ 10 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ്സിന്റെ ഒമ്പതാംഘട്ട പട്ടിക പുറത്തിറങ്ങി. അതേസമയം വയനാട്, വടകര എന്നീ മണ്ഡലങ്ങള്‍ ഇത്തവണയും പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല.അതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കാന്‍ സാധ്യതയുള്ള കര്‍ണാടകയിലെ സൗത്ത് ബംഗളൂരുവിലും തമിഴ്‌നാട്ടിലെ ശിവഗംഗയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സൗത്ത് ബംഗളൂരുവില്‍ ബി കെ ഹരിപ്രസാദും, ശിവഗംഗയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവുമാണ് മല്‍സരിക്കുക.
വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനശ്ചിതത്വം തുടരുകയാണ്. വയനാട്ടില്‍ മല്‍സരിക്കാന്‍ ഇതുവരെ രാഹുല്‍ ഗാന്ധി സമ്മതിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ അറിയിച്ചത്. നിലവില്‍ പ്രചരിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കേണ്ട സാഹചര്യമില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ എഐസിസിഎ അറിയിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിനെതിരേ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നത് പ്രതിപക്ഷ ഐക്യത്തെ ചോദ്യം ചെയ്യുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്.