കര്‍ണാടകയില്‍ ഹനുമാന്‍ പതാക നീക്കം ചെയ്തതിനെ ചൊല്ലി സംഘര്‍ഷം; നിരോധനാജ്ഞ
ന്യൂഡല്‍ഹി: കര്‍ണാടകയിലെ മാണ്ഡ്യയിലെ കെരഗോഡു ഗ്രാമത്തില്‍ ഹനുമാന്‍ പതാകയെ ചൊല്ലി സംഘര്‍ഷം. കഴിഞ്ഞ ആഴ്ചയാണ് 108 അടി ഉയരമുള്ള കൊടിമരം സ്ഥാപിക്കുകയും ഹനുമാന്‍ പതാക ഉയര്‍ത്തുകയും ചെയ്തത്. കൊടിമരം സ്ഥാപിക്കാന്‍ ഗ്രാമപഞ്ചായത്ത് അനുമതി നല്‍കിയിരുന്നുവെങ്കിലും ഇതിനെതിരെ പരാതികള്‍ ഉയര്‍ന്നതോടെ ഹനുമാന്‍ പതാക നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ചിലര്‍ വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഗ്രാമവാസികള്‍ ഇതിനെ എതിര്‍ത്തു. ബിജെപി, ജെഡി(എസ്), ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ ഗ്രാമവാസികളോടൊപ്പം ചേര്‍ന്നു. പതാകം നീക്കം ചെയ്യലിനെതിരെ പ്രതിഷേധിച്ച് ശനിയാഴ്ച ഗ്രാമവാസികള്‍ കടകളടച്ചതോടെ പ്രതിഷേധം ശക്തമായി. ഇന്നലെ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പതാക നീക്കം ചെയ്യാന്‍ ഗ്രാമത്തിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ 'ഗോ ബാക്ക്' എന്ന മുദ്രാവാക്യം വിളികളുമായി ഗ്രാമവാസികള്‍ തടിച്ചുകൂടി.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഗ്രാമത്തില്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിഷേധത്തിനിടെ പ്രാദേശിക കോണ്‍ഗ്രസ് എംഎല്‍എ രവികുമാറിന്റെ ബാനറുകള്‍ നശിപ്പിച്ചതോടെ വിവാദം രാഷ്ട്രീയ വഴിത്തിരിവായി. ഹനുമാന്‍ പതാക നീക്കം ചെയ്തതിനെ ബിജെപി നേതാക്കളും ഹിന്ദു സംഘടനകളും അപലപിച്ചു. ഇന്ന് ബെംഗളൂരുവിലെ മൈസൂരു ബാങ്ക് സര്‍ക്കിളില്‍ പ്രത്യേക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിജെപി അറിയിച്ചു. വിവരമറിഞ്ഞെത്തിയ പോലിസ് സംഘം
ലാത്തിച്ചാര്‍ജ് നടത്തുകയും കൊടിമരത്തിലെ ഹനുമാന്‍ പതാകയ്ക്ക് പകരം ദേശീയ പതാകയും സ്ഥാപിച്ചു. ബിജെപി, ജെഡി(എസ്) പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കേരഗോഡിലെയും 12 സമീപ ഗ്രാമങ്ങളിലെയും താമസക്കാരാണ് കൊടിമരം ഉണ്ടാക്കാന്‍ പണം നല്‍കിയതെന്നാണ് റിപോര്‍ട്ട്. അതേസമയം, പോലിസിന്റെ ഇടപെടലില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിമര്‍ശിച്ചു. സര്‍ക്കാരിന്റെ 'ഹിന്ദു വിരുദ്ധ നിലപാടാണിതെന്ന് ബിജെപി നേതാവ് ആര്‍ അശോക പറഞ്ഞു. ദേശീയ പതാകയ്ക്ക് പകരം 'ഭഗവ ദ്വജ' (കാവി പതാക) ഉയര്‍ത്തിയതില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആശങ്ക പ്രകടിപ്പിച്ചു. കൊടിമരം സ്ഥിതി ചെയ്യുന്ന സ്ഥലം പഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള അനുമതിയാണ് ആദ്യം ലഭിച്ചതെന്നും ജില്ലാ ചുമതലയുള്ള മന്ത്രി എന്‍ ചെലുവരയ്യസ്വാമി വ്യക്തമാക്കി.
'ദേശീയ പതാകയ്ക്ക് പകരം ഹനുമാന്‍ പതാക സ്ഥാപിക്കല്‍അതിനു പിന്നില്‍ രാഷ്ട്രീയം ഉണ്ടായിരിക്കാം. ആരാണ് ഇതിന് പിന്നിലെന്ന് എനിക്കറിയില്ല. ഈ രാജ്യം ജനാധിപത്യത്തിനും ഭരണഘടനയ്ക്കും കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. നാളെ അവര്‍ ഡിസി ഓഫിസിന് മുന്നില്‍ കാവി പതാക കെട്ടാന്‍ പറഞ്ഞാല്‍ അനുവദിക്കാമോ? ഒരിടത്ത് അനുവദിച്ചാല്‍ അത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. ഞങ്ങളുടെ യുവാക്കളെ ദ്രോഹിക്കാനല്ല ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്. ഞാന്‍ ഉദ്യോഗസ്ഥരുമായും പോലിസുമായും യുവാക്കളുമായും സംസാരിച്ചു. സ്വകാര്യ സ്ഥലത്തോ ക്ഷേത്രത്തിനടുത്തോ ഹനുമാന്‍ പതാക സ്ഥാപിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഞങ്ങള്‍ അവരെ പിന്തുണയ്ക്കും. ഞങ്ങളും രാമഭക്തരാണെന്നും സിദ്ധരാമയ്യ പറഞ്ഞു.