മേഘാലയ മുഖ്യമന്ത്രിയായി കോണ്‍റാഡ് സാംഗ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Update: 2023-03-07 02:14 GMT

ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രിയായി കോണ്‍റാഡ് സാംഗ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അറുപതംഗ നിയമസഭയില്‍ സാംഗ്മയ്ക്ക് 45 പേരുടെ പിന്തുണയുണ്ട്. രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. പ്രതിപക്ഷ പാര്‍ട്ടികളെ യോജിപ്പിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ സാംഗ്മയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടെയാണ് സത്യപ്രതിജ്ഞ ചെയ്യുമെന്ന് സാംഗ്മ പ്രഖ്യാപിച്ചത്.

മേഘാലയയില്‍ മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാര്‍ വരെയാവാം. 26 അംഗങ്ങളുള്ള എന്‍പിപിക്ക് മുഖ്യമന്ത്രി പദമടക്കം എട്ട് മന്ത്രിസ്ഥാനം ലഭിക്കും. യുഡിപിക്ക് രണ്ടും ബിജെപി, എച്ച്എസ്പിഡിപി പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിസ്ഥാനം വീതവും ലഭിക്കും. തങ്ങളുടെ രണ്ട് എംഎല്‍എമാരെയും മന്ത്രിയാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നെങ്കിലും കോണ്‍റാഡ് സാംഗ്മ വഴങ്ങിയില്ല. മേഘാലയ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്തത്.

60 അംഗ മേഘാലയ നിയമസഭയിലെ തിരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് 59 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പില്‍ എന്‍പിപി 26 സീറ്റുകളില്‍ വിജയിച്ചു. ഫലം വന്ന് കഴിഞ്ഞപ്പോള്‍ ബിജെപി എന്‍പിപിക്ക് പിന്തുണയുമായെത്തി. തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായുള്ള സഖ്യം പിരിഞ്ഞ എന്‍പിപിയ്ക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടാനാവാതിരുന്നതോടെ സഖ്യം പുനസ്ഥാപിക്കുകയായിരുന്നു. അതേസമയം, മേഘാലയയോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന നാഗാലാന്‍ഡില്‍ ഏഴിനും ത്രിപുരയില്‍ എട്ടിനും സത്യപ്രതിജ്ഞ നടക്കും.

Tags:    

Similar News