കൊവിഡ് രണ്ടാം തരംഗം തടയാന്‍ ലോക്ക് ഡൗണ്‍ പരിഗണിക്കണം; കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് സുപ്രിംകോടതി
താമസരേഖകളോ വ്യക്തിഗത തിരിച്ചറിയല്‍ കാര്‍ഡോ ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്ത് ഒരു രോഗിക്കും മരുന്ന് നല്‍കാതിരിക്കുകയോ ആശുപത്രി ചികില്‍സ ലഭിക്കാതെ വരികയോ ചെയ്യരുതെന്ന് കോടതി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപിക്കുന്നത് തടഞ്ഞുനിര്‍ത്തുന്നതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പരിഗണിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. താമസരേഖകളോ വ്യക്തിഗത തിരിച്ചറിയല്‍ കാര്‍ഡോ ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്ത് ഒരു രോഗിക്കും മരുന്ന് നല്‍കാതിരിക്കുകയോ ആശുപത്രി ചികില്‍സ ലഭിക്കാതെ വരികയോ ചെയ്യരുതെന്ന് കോടതി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ദേശീയ നയത്തിന് രൂപം നല്‍കണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എല്ലാ സംസ്ഥാനങ്ങളും ഇത് പിന്തുടരണമെന്നും കോടതി നിര്‍ദേശിക്കുന്നു. അതുവരെ പ്രാദേശിക തിരിച്ചറിയല്‍ രേഖകളുടെ അഭാവത്തില്‍ ഒരു രോഗിക്കും പ്രവേശനമോ അവശ്യമരുന്നുകളോ നിഷേധിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും വ്യത്യസ്തമായ മാനദണ്ഡങ്ങളാണ് ആശുപത്രി പ്രവേശനത്തിനായി കണക്കാക്കുന്നത്. ഇത് രാജ്യത്ത് അനിശ്ചിതത്വത്തിനും പ്രശ്‌നങ്ങള്‍ക്കും ഇടയാക്കി. ഇത്തരം സാഹചര്യം ഇനി ഉണ്ടാവരുത്. അതിനാലാണ് ഈ വിഷയത്തില്‍ ദേശീയ നയം രൂപീകരിക്കണമെന്ന് പറയുന്നത്. കൊവിഡ് രണ്ടാം തരംഗത്തില്‍ മിക്ക വ്യക്തികളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കിടക്കയുള്ള ആശുപത്രിയില്‍ പ്രവേശനം നേടുകയെന്നത്. സ്വന്തം നിലയില്‍ വിടുന്നതുകൊണ്ട് പൗരന്‍മാര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളും പ്രാദേശിക അധികാരികളും അവരുടെ സ്വന്തം പ്രോട്ടോക്കോളുകള്‍ പിന്തുടരുന്നു. രാജ്യത്തുടനീളമുള്ള വിവിധ ആശുപത്രികളില്‍ പ്രവേശനം സംബന്ധിച്ച മാനദണ്ഡങ്ങള്‍ ആശയക്കുഴപ്പത്തിലേക്കും അനിശ്ചിതത്വത്തിലേക്കും നയിക്കുന്നു. ദേശീയതലത്തില്‍ പിന്തുടരുന്ന ദുരന്തനിവാരണ നിയമപ്രകാരം അതിന്റെ നിയമപരമായ അധികാരങ്ങള്‍ വിനിയോഗിക്കുന്നതിനായി ഇക്കാര്യത്തില്‍ ഒരു നയം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കുന്നു. അത്തരമൊരു നയത്തിന്റെ അടിസ്ഥാനത്തില്‍ ആരെയും ആശുപത്രികളിലെ ചികില്‍സ നിഷേധിക്കാന്‍ കഴിയില്ല. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ഓക്‌സിജന്‍ സംഭരണം വര്‍ധിപ്പിക്കണം. വിതരണം സുഗമമാക്കണം.
അടുത്ത നാല് ദിവസത്തിനുള്ളില്‍ ഓക്‌സിജന്റെ അടിയന്തര സംഭരണം ഉറപ്പാക്കണം. കൂടാതെ സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ വിതരണം അനുവദിക്കുന്നതിനു പുറമേ ദൈനംദിന അടിസ്ഥാനത്തില്‍ നികത്തുകയും ചെയ്യണം- ഉത്തരവില്‍ പറയുന്നു. കൊവിഡ് സൂപ്പര്‍ വ്യാപനത്തിന് ഇടയാക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംസ്ഥാനങ്ങള്‍ പരിഗണിക്കണം. അപ്രതീക്ഷിത സാഹചര്യങ്ങളില്‍ പോലും വിതരണ ലൈനുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരിശോധിക്കണം. ഡല്‍ഹിയിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിലെ കുറവ് രണ്ടുദിവസത്തിനുള്ളില്‍ പരിഹരിക്കപ്പെടുമെന്ന് സോളിസിറ്റര്‍ ജനറല്‍ ഉറപ്പ് നല്‍കി. അതനുസരിച്ച് 2021 മെയ് 3ന് അര്‍ധരാത്രിയോ അതിനു മുമ്പോ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണമെന്ന് സുപ്രിംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.