തമിഴ്‌നാട്ടില്‍ വ്യാജമദ്യം കഴിച്ച് 9 മരണം; നിരവധി പേര്‍ ആശുപത്രിയില്‍

Update: 2024-06-19 14:11 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച് ഒമ്പത് മരണം. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള 10 പേരെ വിദഗ്ധ ചികില്‍സയ്ക്കായി പുതുച്ചേരി ജിപ്മറിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി ഒരുസംഘം കൂലിപ്പണിക്കാര്‍ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചെന്നും ഇവര്‍ വീട്ടിലെത്തിയതുമുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും പോലിസ് പറഞ്ഞു. തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, മരണകാരണം സംബന്ധിച്ച് പരിശോധന നടത്തേണ്ടതുണ്ടെന്ന് ജില്ലാ കലക്ടര്‍ ശ്രാവണ്‍ കുമാര്‍ അറിയിച്ചു. മൂന്നുപേര്‍ വീട്ടിലാണ് മരിച്ചത്. ഒരാള്‍ വയറുവേദനയെത്തുടര്‍ന്നാണ് മരിച്ചത്. ഒരാള്‍ക്ക് അപസ്മാരമുണ്ടായി. ഒരാള്‍ പ്രായാധിക്യത്തെത്തുടര്‍ന്നുമാണ് മരിച്ചത്. രക്തസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News