സുപ്രിംകോടതി അഭിഭാഷകരുടെ പ്രതിഷേധം; മാപ്പുപറഞ്ഞ് ജസ്റ്റിസ് അരുണ്‍ മിശ്ര
അഭിഭാഷകനെ വേദനിപ്പിച്ചെങ്കില്‍ 100 തവണ മാപ്പ് പറയാന്‍ തയ്യാറാണെന്നും അഭിഭാഷക സമൂഹത്തെ സ്വന്തം അമ്മയെ പോലെ സ്‌നേഹിക്കുന്നതായും അരുണ്‍ മിശ്ര മറുപടി നല്‍കി.
ന്യൂഡല്‍ഹി: കേസ് വാദിക്കുന്നതിനിടെ അഭിഭാഷകനെ പരിഹസിക്കുകയും കോടതിയലക്ഷ്യ ഭീഷണി മുഴക്കുകയും ചെയ്‌തെന്നാരോപിച്ച് സുപ്രിം കോടതി ജസ്റ്റിസ് അരുണ്‍ മിശ്രയ്‌ക്കെതിരേ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ബുധനാഴ്ച മിശ്രയ്‌ക്കെതിരേ സുപ്രിം കോടതി അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്‍ പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് ഇന്ന് സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ദുഷ്യന്ത് ദാവേ ഉള്‍പ്പെടെയുള്ളവര്‍ മിശ്രയുടെ മൂന്നാം നമ്പര്‍ കോടതിയിലെത്തി പ്രതിഷേധം അറിയിച്ചത്. ജസ്റ്റിസ് മിശ്ര ക്ഷമ പാലിക്കണമെന്നും ജൂനിയര്‍ അഭിഭാഷകര്‍ മിശ്രയുടെ കോടതിയില്‍ ഹാജരാവാന്‍ പോലും ഭയപ്പെടുകയാണെന്നും കപില്‍ സിബല്‍ ആരോപിച്ചു. ഇതോടെയാണ്, അഭിഭാഷകനെ വേദനിപ്പിച്ചെങ്കില്‍ 100 തവണ മാപ്പ് പറയാന്‍ തയ്യാറാണെന്നും അഭിഭാഷക സമൂഹത്തെ സ്വന്തം അമ്മയെ പോലെ സ്‌നേഹിക്കുന്നതായും അരുണ്‍ മിശ്ര മറുപടി നല്‍കി.
ജുഡീഷ്യറിയെക്കാള്‍ തന്നെ ആദരിക്കുന്നത് ബാറാണ്. ബാറിനു വേണ്ടി മരിക്കാന്‍ വരെ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മിശ്രയോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇന്‍ഡോര്‍ ഡെവലപ്‌മെന്റ് അതോറിറ്റി കേസ് പരിഗണിക്കുന്നതിനിടെയാണ് വിവാദങ്ങളുടെ തുടക്കം. ജസ്റ്റിസ് അരുണ്‍ മിശ്രയും മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനും തമ്മില്‍ വാദത്തിനിടെ, ശങ്കരനാരായണന്റെ പല വാദഗതികളും ആവര്‍ത്തനമാണെന്നു അരുണ്‍ മിശ്ര നിരീക്ഷിക്കുകയായിരുന്നു. നീതി നിര്‍വഹണ സംവിധാനത്തെ ഗോപാല്‍ ശങ്കരനാരായണന്‍ പരിഹസിക്കുകയാണെന്നും പുതിയ കാര്യങ്ങള്‍ വല്ലതും പറയാനുണ്ടെങ്കില്‍ പറയണമെന്നും അല്ലെങ്കില്‍ കോടതി അലക്ഷ്യം ചുമത്തുമെന്നും താക്കീത് നല്‍കുകയായിരുന്നു. സംഭവം വിവാദമായതോടെയാണ് അഭിഭാഷകര്‍ അരുണ്‍ മിശ്രയ്‌ക്കെതിരെ പരാതിയുമായെത്തിയതും അദ്ദേഹം മാപ്പപേക്ഷിക്കുകയും ചെയ്തത്.