വിവാദ പോലിസ് നിയമ ഭേദഗതി: സര്‍ക്കാരിനെതിരേ പരസ്യവിമര്‍ശനവുമായി എം എ ബേബി
വിമര്‍ശനം ഉണ്ടാകുന്ന വിധത്തില്‍ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണ്. പിന്‍വലിക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടി ചര്‍ച്ച ചെയ്താണെന്നും എംഎ ബേബി പറഞ്ഞു.
തിരുവനന്തപുരം: വിവാദ പോലിസ് നിയമ ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പരസ്യവിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. വിമര്‍ശനം ഉണ്ടാകുന്ന വിധത്തില്‍ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണ്. പിന്‍വലിക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടി ചര്‍ച്ച ചെയ്താണെന്നും എംഎ ബേബി പറഞ്ഞു.
പോരായ്മ വ്യക്തമായപ്പോള്‍ തന്നെ അതുള്‍ക്കൊണ്ട് ഇതു നടപ്പാക്കുകയില്ല, ഇത് തിരുത്തുകയാണെന്ന് മുഖ്യമന്ത്രി തന്നെ പ്രസ്താവിച്ചു.പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ അക്കാര്യം പരിഹരിക്കുമെന്നും എംഎ ബേബി വ്യക്തമാക്കി.
പോലിസ് നിയമഭേദഗതി പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഇത് പിന്‍വലിക്കുന്ന കാര്യം പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്തിരുന്നു. അതിന് മുമ്പ് എന്തു സംഭവിച്ചു എന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമാണ് ബേബി മറുപടി നല്‍കിയത്. നിയമഭേദഗതി പിന്‍വലിച്ചല്ലോ എന്നും ബേബി പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അധിക്ഷേപം തടയുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ കൊണ്ടുവന്ന പോലിസ് നിയമഭേദഗതിക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്നതാണ് ഈ നിയമ ഭേദഗതിയെന്നായിരുന്നു വിമര്‍ശനം.