സ്വാതന്ത്ര്യ സമരത്തെ അപമാനിക്കുന്ന വിധത്തില്‍ വിവാദ പരാമര്‍ശം: കങ്കണ റണാവത്തിന്റെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് ഡല്‍ഹി വനിത കമീഷന്‍ അധ്യക്ഷ

1947ല്‍ ലഭിച്ചത് ഭിക്ഷ ആയിരുന്നുവെന്നും ഇന്ത്യക്ക് ശരിക്കും സ്വാതന്ത്ര്യം കിട്ടിയത് 2014ല്‍ മോദി അധികാരത്തില്‍ എത്തിയതിനെതുടര്‍ന്നാണെന്നുമായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം

Update: 2021-11-14 15:17 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ അപമാനിക്കും വിധം വിവാദ പരാമര്‍ശം നടത്തിയ ബോളിവുഡ് താരം കങ്കണ റണാവത്തിന് നല്‍കിയ പത്മശ്രീ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിത കമീഷന്‍ അധ്യക്ഷ രാഷ്ട്രപതിക്ക് കത്തെഴുതി.

1947ല്‍ ലഭിച്ചത് ഭിക്ഷ ആയിരുന്നുവെന്നും ഇന്ത്യക്ക് ശരിക്കും സ്വാതന്ത്ര്യം കിട്ടിയത് 2014ല്‍ മോദി അധികാരത്തില്‍ എത്തിയതിനെതുടര്‍ന്നാണെന്നുമായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം.ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ഭിക്ഷയായി വിശേഷിപ്പിച്ച കങ്കണക്കെതിരെ രാജ്യദ്രോഹക്കേസ് എടുക്കണമെന്നാണ് ഡിസിഡബ്ല്യു അധ്യക്ഷ സ്വാതി മാലിവാളിന്റെ ആവശ്യം.

കങ്കണയുടെ മാനസിക നില തകരാറിലാണെന്നും ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും കത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി. തനിക്ക് യോജിക്കാന്‍ കഴിയാത്ത ആളുകളെ മോശമായ ഭാഷയില്‍ ആക്രമിക്കുന്ന കങ്കണ സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് നേരെ വിഷം ചീറ്റാറുണ്ടെന്നും സ്വാതി കത്തില്‍ വിവരിച്ചു.

'മഹാത്മാ ഗാന്ധി, ഭഗത് സിങ് തുടങ്ങിയ നമ്മുടെ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച എണ്ണമറ്റ മറ്റു സ്വാതന്ത്ര്യ സമര സേനാനികളോടുമുള്ള കങ്കണയുടെ വെറുപ്പാണ് പ്രസ്താവനയില്‍ പ്രതിഫലിക്കുന്നത്. നമ്മുടെ രാഷ്ട്രം ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത് നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ആത്യന്തിക ത്യാഗങ്ങളിലൂടെയും രക്തസാക്ഷിത്വത്തിലൂടെയും ആണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കങ്കണയുടെ പ്രസ്താവനകള്‍ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതും രാജ്യദ്രോഹ സ്വഭാവമുള്ളതുമാണ്'കത്തില്‍ സ്വാതി കുറ്റപ്പെടുത്തി.

Tags:    

Similar News