ബ്രസീലിയ: വീണ്ടും ഒരുഗോള്‍ ജയവുമായി അര്‍ജന്റീന കോപ അമേരിക്ക ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പരാഗ്വെയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. മൂന്ന് മല്‍സരങ്ങളില്‍ നിന്നായി ഒരു സമനിലയും രണ്ട് ജയവുമായാണ് അര്‍ജന്റീന ഒന്നാമതെത്തിയത്. കളി തുടങ്ങി 10ാം മിനിറ്റില്‍ അലിയാന്ദ്രേ ഡാരിയോ ഗോമസ് നേടിയ ഗോളാണ് അര്‍ജന്റീനയ്ക്കു ജയമൊരുക്കിയത്. ഡി മരിയ നല്‍കിയ പാസില്‍നിന്ന് ഗോമസ് ലക്ഷ്യം കണ്ടത്. ഒരുഗോള്‍ പിന്നിലായതോടെ പരാഗ്വെ ശക്തമായ മല്‍സരം കടുപ്പിച്ചെങ്കിലും നീലക്കുപ്പായക്കാരുടെ പ്രതിരോധത്തിനു മുന്നില്‍ വിലപ്പോയില്ല. തുടക്കം മുതല്‍ ആവേശത്തോടെ കളിച്ചതിന്റെ ഫലമായിരുന്നു പത്താം മിനുട്ടിലെ ഗോള്‍.
ആദ്യ പകുതി അവസാനിക്കാനിരിക്കെ ഗോമസ് നല്‍കിയ ക്രോസ് തട്ടിയകറ്റാനുള്ള പരാഗ്വെ പ്രതിരോധ താരം അലോണ്‍സോയുടെ ശ്രമം സെല്‍ഫ് ഗോളായി മാറിയെങ്കിലും സൂപ്പര്‍ താരം മെസ്സി ഓഫ്സൈഡ് പൊസിഷനിലായതിനാല്‍ റഫറി ഗോള്‍ നിഷേധിച്ചു. പരാഗ്വെ നിരന്തരം അര്‍ജന്റീനന്‍ ഗോള്‍മുഖത്ത് അപകടം വിതച്ചെങ്കിലും ഗോള്‍ വല കുലുക്കാനായില്ല. ഇഞ്ചുറി സമയത്ത് പെനാല്‍റ്റി ബോക്സിനരികെ ലഭിച്ച ഫ്രീകിക്ക് മെസ്സി ഗോളിലേക്ക് പായിച്ചെങ്കിലും ഗോളി തട്ടിയകറ്റി. ആദ്യ മല്‍സരത്തില്‍ അര്‍ജന്റീന ചിലിയോട് സമനില പിടിക്കുകയും രണ്ടാം മല്‍സരത്തില്‍ ഉറുഗ്വായെ ഒരു ഗോളിന് തോല്‍പ്പിക്കുകയും ചെയ്തിരുന്നു. അര്‍ജന്റീനയുടെ അവസാന മല്‍സരം ബൊളീവിയക്കെതിരേയാണ്. രണ്ടാം സ്ഥാനത്തുള്ള ചിലിക്ക് ഒരു മല്‍സരവും പരാഗ്വെ, ഉറുഗ്വെ, ബൊളീവിയ എന്നിവര്‍ക്ക് ഗ്രൂപ്പില്‍ രണ്ട് മല്‍സരങ്ങള്‍ വീതവും ശേഷിക്കുന്നുണ്ട്.
അതിനിടെ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച സാവിയര്‍ മസ്‌കരാനോയുടെ (147) റെക്കോഡിനൊപ്പം സൂപ്പര്‍ താരം ലയണല്‍ മെസ്സിയെത്തി. ഇന്ന് പരാഗ്വെയ്‌ക്കെതിരേ 147ാമത്തെ മല്‍സരമാണ് മെസ്സി കളിച്ചത്.