തൃശൂരില്‍ ഇന്നലെ 14 പേര്‍ക്ക് രോഗം പടര്‍ന്നത് സമ്പര്‍ക്കത്തിലൂടെ; കടുത്ത നിയന്ത്രണങ്ങള്‍ക്ക് സാധ്യത
ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ട്. ജില്ലയില്‍ സ്വീകരിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ചയാകും. സമ്പൂര്‍ണമായി ജില്ല അടച്ചിടാനും സാധ്യതയേറി.
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് പടരുന്നത് വ്യാപിച്ചതോടെ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന് വിലയിരുത്തല്‍. ജില്ലയില്‍ ഇന്നലെ 25 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ നാല് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. പലരുടേയും രോഗ ഉറവിടം കണ്ടെത്താനാകാത്തതും ആശങ്ക ഇരട്ടിച്ചു. ഈ 14 പേരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യ വകുപ്പിന് തയ്യാറാക്കാനായിട്ടില്ല.
മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ നാല് ശുചീകരണ തൊഴിലാളികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കുരിയച്ചിറയിലെ വെയര്‍ഹൗസ് ഹെഡ്‌ലോഡിങ് തൊഴിലാളികള്‍ക്കും ഒരു ആംബുലന്‍സ് െ്രെഡവറിനും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. അരിമ്പൂര്‍ പഞ്ചായത്തില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. വടക്കേകാട് സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. നഴ്‌സിന്റെ സഹോദരന്റെ വീട്ടുകാരും സമീപത്തു നടന്ന പിറന്നാള്‍ സദ്യയില്‍ പങ്കെടുത്ത ചിലരും നിരീക്ഷണത്തില്‍ പോകേണ്ടിവരുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. പഞ്ചായത്തില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടിവരും.
ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 202 ആയി. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ട്. ജില്ലയില്‍ സ്വീകരിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ചയാകും. സമ്പൂര്‍ണമായി ജില്ല അടച്ചിടാനും സാധ്യതയേറി. നിലവില്‍ ജില്ലയിലൊട്ടാകെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ അറിയിച്ചു. മൂന്ന് മണിക്കുള്ള യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തല്‍ക്കാലത്തേക്കെങ്കിലും ജില്ല സമ്പൂര്‍ണമായി അടച്ചിടണമെന്നാണ് തൃശൂര്‍ എംപി ടി എന്‍ പ്രതാപനും പറഞ്ഞത്.
കൊവിഡ് രോഗവ്യാപന സാധ്യത കണക്കിലെടുത്ത് തൃശൂര്‍ ജില്ലയിലെ നാല് പ്രദേശങ്ങള്‍ കൂടി കണ്ടെയ്‌മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ഇതോടെ ജില്ലയില്‍ ആകെ പത്ത് കണ്ടെയ്‌മെന്റ് സോണുകളായി.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകള്‍, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകള്‍, ചാവക്കാട് നഗരസഭയുടെ മണത്തല വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന ഭാഗങ്ങള്‍ (ഒന്ന് മുതല്‍ നാല് വരെയും 16 മുതല്‍ 32 വരെയുമുള്ള വാര്‍ഡുകള്‍), തൃശൂര്‍ കോര്‍പറേഷനിലെ 24 മുതല്‍ 34 വരെയുള്ള ഡിവിഷനുകളും 41ാം ഡിവിഷനും ഉള്‍പ്പെട്ട പ്രദേശം എന്നിവയെയാണ് പുതുതായി കണ്ടെയ്‌മെന്റ് സോണുകളാക്കിയത്.
ഇവിടങ്ങളില്‍ ദുരന്തനിവാരണ നിയമപ്രകാരവും ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വകുപ്പ് 144 പ്രകാരവും കോവിഡ് 19 അധിക പ്രതിരോധ പ്രതികരണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അവശ്യസര്‍വീസുകള്‍ മാത്രമേ ഇവിടെ അനുവദിക്കൂ. അടിയന്തിരാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങി നടക്കരുത്.
നേരത്തെ, വടക്കേകാട്, അടാട്ട്, അവണൂര്‍, ചേര്‍പ്പ്, തൃക്കൂര്‍ പഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭയുടെ ഒന്നു മുതല്‍ പത്ത് വരെയും 32 മുതല്‍ 41 വരെയുമുളള വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.