തിരുവനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന്.വോട്ടെണ്ണല്‍ രാവിലെ 10 മണിയ്ക്ക് ആരംഭിക്കും.രണ്ട് കോര്‍പറേഷന്‍, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്‌ളോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 182 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. 78.24 ശതമാനമായിരുന്നു പോളിങ്.
കാസര്‍കോടും വയനാടും ഒഴികെ എല്ലാ ജില്ലകളിലും ഇന്നലെ വോട്ടെടുപ്പ് നടന്നു. ഇതില്‍ ഏറെ നിര്‍ണായകം കൊച്ചി കോര്‍പ്പറേഷനിലെ 62ാം ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പാണ്.മുമ്പത്തേക്കാള്‍ 46 ശതമാനം അധിക പോളിങ് ആണ് കൊച്ചിയില്‍ ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 250 വോട്ട് കൂടുതല്‍ പോള്‍ ചെയ്തു.നേരിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷനില്‍ നിര്‍ണ്ണായകമാണ് ഉപതിരഞ്ഞെടുപ്പ് ഫലം. കൗണ്‍സിലറുടെ മരണത്തോടെയാണ് ബിജെപി സിറ്റിംഗ് സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി പദ്മജ എസ് മേനോനും യുഡിഎഫിനായി അനിത വാര്യരും എല്‍ഡിഎഫിനായി എസ് അശ്വതിയുമാണ് മത്സരിച്ചത്.
കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എറണാകുളം സൗത്ത്, തൃപ്പുണിത്തറ മുനിസിപ്പാലിറ്റിയിലെ പിഷാരി കോവില്‍, ഇളമനത്തോപ്പ്, കുന്നത്ത്‌നാട് ഗ്രാമപഞ്ചായത്തിലെ വെമ്പിള്ളി, വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മൈലൂര്‍, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ അത്താണി ടൗണ്‍ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
തൃക്കാക്കര തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം കടക്കുമ്പോഴാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.അതിനാല്‍ തന്നെ ഈ തിരഞ്ഞെടുപ്പ് തൃക്കാക്കരയുടെ ഭാവി കൂടി വിലയിരുത്തുന്നതായിരിക്കുമെന്നാണ് കരുതുന്നത്.