ഡല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനും കൂട്ടാളികള്‍ക്കുമെതിരേ ചുമത്തിയ ഗുരുതര വകുപ്പ് കോടതി ഒഴിവാക്കി
ജയ് ഭഗവാന്‍ എന്നയാളുടെ പരാതിയും അദ്ദേഹത്തിന്റെ പ്രസ്താവനയും ഐപിസി 436ാം വകുപ്പ് പ്രകാരമുള്ള കുറ്റത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വകുപ്പ് കോടതി ഒഴിവാക്കിയത്. 'യഥാവിധി ശ്രദ്ധയോടെയല്ല ഈ കേസില്‍ ഈ വകുപ്പ് ചേര്‍ത്തിരിക്കുന്നതെന്ന് വ്യക്തമാണ്. അതിനാല്‍, എല്ലാ പ്രതികളില്‍നിന്നും ഐപിസി 436 വകുപ്പ് ഒഴിവാക്കുന്നതായി' കോടതി ഉത്തരവിട്ടു.
ന്യൂഡല്‍ഹി: 2020ലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെയും മറ്റ് ഒമ്പത് പേരെയും 'കെട്ടിടം നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ തീയോ സ്‌ഫോടക വസ്തുക്കളോ ഉപയോഗിച്ച് കുഴപ്പമുണ്ടാക്കി' എന്ന കുറ്റത്തില്‍ നിന്ന് ഡല്‍ഹി കോടതി ബുധനാഴ്ച ഒഴിവാക്കി.
അതേസമയം, ഐപിസി സെക്ഷന്‍ 147, 148, 149, 427, 120 ബി, പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 3, 4 എന്നിവ പ്രകാരം മറ്റ് കുറ്റകൃത്യങ്ങളുടെ വിചാരണതുടരാമെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമാചല ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് (സിഎംഎം) നിര്‍ദേശം നല്‍കി.
ജയ് ഭഗവാന്‍ എന്നയാളുടെ പരാതിയും അദ്ദേഹത്തിന്റെ പ്രസ്താവനയും ഐപിസി 436ാം വകുപ്പ് പ്രകാരമുള്ള കുറ്റത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വകുപ്പ് കോടതി ഒഴിവാക്കിയത്. 'യഥാവിധി ശ്രദ്ധയോടെയല്ല ഈ കേസില്‍ ഈ വകുപ്പ് ചേര്‍ത്തിരിക്കുന്നതെന്ന് വ്യക്തമാണ്. അതിനാല്‍, എല്ലാ പ്രതികളില്‍നിന്നും ഐപിസി 436 വകുപ്പ് ഒഴിവാക്കുന്നതായി' കോടതി ഉത്തരവിട്ടു.
താഹിര്‍ ഹുസൈന്‍, മുഹമ്മദ് ഷദാബ്, ഷാ ആലം, റിയാസത്ത് അലി, ഗള്‍ഫം, റാഷിദ്, മൊഹമ്മദ്. റിഹാന്‍, മൊഹമ്മദ് ആബിദ്, അര്‍ഷാദ് ഖയൂം, ഇര്‍ഷാദ് അഹമ്മദ് എന്നിവരെയാണ് ഐപിസി സെക്ഷന്‍ 436ാം വകുപ്പില്‍ നിന്ന് ഒഴിവാക്കിയത്.
ആരാധനാലയമായോ പാര്‍പ്പിടമോ സ്വത്ത് സൂക്ഷിക്കുന്നതിനുള്ള സ്ഥലമായോ ഉപയോഗിക്കുന്ന ഏതെങ്കിലും കെട്ടിടം നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തീയോ ഏതെങ്കിലും സ്‌ഫോടക വസ്തുക്കളോ ഉപയോഗിച്ചുള്ള ആക്രമണവുമായി ബന്ധപ്പെട്ടാണ് ഐപിസി 436ാം വകുപ്പ് ചുമത്താറുള്ളത്.ജീവപര്യന്തം തടവോ പത്തുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.