പെഹ്‌ലൂഖാന്റെ കൊലപാതകം മറച്ചുവച്ച ഡോക്ടര്‍മാര്‍ക്കെതിരേ നടപടി വേണമെന്ന് കോടതി
ബിജെപി എംപി ഡോ. മഹേഷ് ശര്‍മയുടെ ഉടമസ്ഥതയിലുള്ളതാണ് സ്വകാര്യ ആശുപത്രി.
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ 'ഗോരക്ഷക് ' ഗുണ്ടാസംഘം തല്ലിക്കൊന്ന ക്ഷീര കര്‍ഷകന്‍ പെഹ്‌ലൂഖാന്റെ മരണം ഹൃദ്‌രോഗം മൂലമാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ക്ക് വിചാരണക്കോടതിയുടെ രൂക്ഷവിമര്‍ശം. ശാസ്ത്രീയ പരിശോധന നടത്താതെയാണ് ഡോക്ടര്‍മാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും ഇവര്‍ക്കെതിരേ നടപടി വേണമെന്നും കോടതി പറഞ്ഞു.
ബിജെപി എംപി ഡോ. മഹേഷ് ശര്‍മയുടെ ഉടമസ്ഥതയിലുള്ളതാണ് സ്വകാര്യ ആശുപത്രി. ഡോക്ടര്‍മാരായ അഖില്‍ സക്‌സേന, ബിഡി ശര്‍മ, ആര്‍സി യാദവ്, ജിതേന്ദ്ര ബുദോലിയ എന്നിവരാണ് പെഹ്‌ലൂഖാന്റെ മരണകാരണം ഹൃദ്‌രോഗമാണെന്ന് എഴുതി നല്‍കിയത്. അവര്‍ പെഹ്‌ലൂഖാന്റെ മൃതദേഹത്തെ പാവ കണക്കെയാണ് കൈകാര്യംചെയ്തതെന്നും കോടതി പറഞ്ഞു.
പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ഡോക്ടര്‍മാരുടെ വാദം പൂര്‍ണമായും തള്ളി. ശരീരമെമ്പാടും മുറിവുകളും ക്ഷതങ്ങളുമുണ്ടായിരുന്നു. പരിശോധന നടത്താതെയാണ് മരണകാരണം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരുടെ റിപോര്‍ട്ട് തികച്ചും സംശയകരമാണെന്നും കോടതി പറഞ്ഞു. കോടതി വിമര്‍ശിച്ച ഡോക്ടര്‍മാരില്‍ ഒരാള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു.
അതേസമയം പ്രായപൂര്‍ത്തിയാകാത്ത രണ്ട് പ്രതികളെ മൂന്ന് വര്‍ഷം പ്രത്യേക ബാലഭവനില്‍ പാര്‍പ്പിക്കാന്‍ പ്രിന്‍സിപ്പല്‍ മജിസ്‌ട്രേട്ട് സരിത ധക്കദ് ഉത്തരവിട്ടു. രാജസ്ഥാനിലെ ആല്‍വറില്‍ 2017 ഏപ്രിലിലാണ് പെഹ്‌ലൂഖാന്‍ കൊല്ലപ്പെട്ടത്.