കോവാക്‌സിന്‍ കുട്ടികള്‍ക്കും; ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ 10-12 ദിവസത്തിനകം തുടങ്ങും

18 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ കോവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അടുത്ത 10-12 ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍ വ്യക്തമാക്കി. രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളാണ് നടത്താനൊരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

Update: 2021-05-18 17:43 GMT

ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം വ്യാപനം രാജ്യത്തെ ശ്വാസംമുട്ടിക്കുന്നതിനിടെ കൊവിഡ് വാക്‌സിനായ കോവാക്‌സിന്‍ കുട്ടികളില്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ).

18 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ കോവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അടുത്ത 10-12 ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍ വ്യക്തമാക്കി. രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളാണ് നടത്താനൊരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളിലാണ് പരീക്ഷണം. രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഇവരില്‍ നടത്താന്‍ കൊവാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കിയെന്നും വി കെ പോള്‍ പറഞ്ഞു.

മെയ് 11 ന് സബ്ജക്റ്റ് എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയില്‍ (എസ്ഇസി) ഈ നിര്‍ദ്ദേശം ആലോചിച്ചതായി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. തുടര്‍ന്ന് മെയ് 13ന്, രണ്ട് മുതല്‍ 18 വരെ പ്രായമുള്ളവരിലെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കി. വിവിധ സ്ഥലങ്ങളിലായി 525 പേരിലാണ് പരീക്ഷണം നടത്തുക.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) സഹകരണത്തോടെ ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കാണ് കൊവാക്‌സിന്‍ നിര്‍മിക്കുന്നത്. രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ പടര്‍ന്ന വൈറസ് വകഭേദം അടക്കം ഒട്ടുമിക്ക വകഭേദങ്ങള്‍ക്കും എതിരേ കൊവാക്‌സിന്‍ ഫലപ്രദമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Tags:    

Similar News