കണ്ണൂരില്‍ 10 പേര്‍ക്കു കൂടി കൊവിഡ്; രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Update: 2020-05-28 13:36 GMT

കണ്ണൂര്‍: ജില്ലയില്‍ 10 പേര്‍ക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. നാലു പേര്‍ വിദേശത്തു നിന്നും നാലുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 19ന് ഐഎക്‌സ് 790 വിമാനത്തില്‍ കുവൈത്തില്‍ നിന്നെത്തിയ മാലൂര്‍ സ്വദേശികളായ 59കാരനും 58കാരിയും മസ്‌കത്തില്‍ നിന്ന് ഐഎക്‌സ് 714 വിമാനത്തില്‍ മെയ് 20നെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 49കാരി, 22നെത്തിയ തളിപ്പറമ്പ് സ്വദേശി 65കാരന്‍ എന്നിവരാണ് വിദേശത്തു നിന്നു വന്നവര്‍.

    മെയ് 15ന് മുംബൈയില്‍ നിന്നെത്തിയ ചൊക്ലി സ്വദേശി 17കാരന്‍, ചെന്നൈയില്‍ നിന്നെത്തിയ ഏച്ചൂര്‍ സ്വദേശി 36കാരന്‍, 16ന് ബെംഗളൂരുവില്‍ നിന്നെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 39കാരന്‍, 20ന് മഹാരാഷ്ട്രയില്‍ നിന്നെത്തിയ ചെറുപുഴ സ്വദേശി 25കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍. ധര്‍മടം സ്വദേശി ഒമ്പതുകാരനും മുഴപ്പിലങ്ങാട് സ്വദേശി 38കാരനുമാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍.

    ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 207 ആയി. ഇതില്‍ 120 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ 12478 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 65 പേരും അഞ്ചരക്കണ്ടി കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 73 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 26 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 20 പേരും വീടുകളില്‍ 12294 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 6307 സാംപിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 5930 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5596 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 377 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.


Tags:    

Similar News